September 2, 2009

ക്ലാസ്‌ മേറ്റ്‌സ്‌

പാവം ഞാന്‍!!!

അതൊക്കെ നമ്മള്‌ പഠിച്ചിരുന്ന കാലത്തെ കോളേജാണ്‌ കോയാ ... കോളേജ്‌.
ഇപ്പോ എന്തര്‌ കാളേജ്‌???ഒരുമാതിരി എല്‍.പി സ്കൂല്‌ പോലെ.പ്രീ-ഡിഗ്രീം ഇല്ല്യാ,രാഷ്ട്രീയോം ഇല്ല്യ,അതുകൊണ്ട്‌ തന്നെ സമരങ്ങളും നഹി നഹി...അസൈന്‍മന്റ്‌ -ന്നൊക്കെ പുതിയ കലാപരിപാടികളും തൊടങ്ങീന്ന് കേട്ടു...
കഷ്ടം....
ശരി...ബാക്ക്‌ ടു ദ ടോപിക്ക്‌.
അന്നത്തെക്കാലത്ത്‌ ഒരു കോളേജുകുമാരനായിരിക്കാനുള്ള മിനിമം യോഗ്യത ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ വര്‍ക്ക്‌ ചെയ്യുക എന്നതാണ്‌ എന്നുള്ളതുകൊണ്ടും,ക്ലാസ്‌ കട്ട്‌ ചെയ്യാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഇതാണെന്ന് മനസിലാക്കിയത്‌ കൊണ്ടും ഞാനും ഒരു രാഷ്ട്രീയക്കാരനായി!
സഹജവാസന കൊണ്ടാവും പ്രീ-ഡിഗ്രിക്ക്‌ പഠിക്കുമ്പോഴേ കോളേജിലും,ചുറ്റുവട്ടത്തും നമ്മക്ക്‌ അത്യാവശ്യം പേരുമായി.
ജീവിതം അങ്ങിനെ സ്മൂത്തായിട്ട്‌ പോകുന്ന കാലം.
പത്തനംതിട്ടയിലെവിടെയോ ഒരു രാഷ്ട്രീയ കൊലപാതകം നടന്നതിന്റെ പിറ്റേന്ന്...
നമ്മടെ രാഷ്ട്രീയ ബുദ്‌ധിജീവികള്‍ എതിര്‍ പാര്‍ട്ടിക്കാരന്റെ നേതാവിന്റെ തന്തയ്ക്ക്‌ പറഞ്ഞോണ്ട്‌ള്ള മുദ്രാവാക്യം എഴുതിക്കൊണ്ടിരിക്കണ ശുഭമുഹൂര്‍ത്തം.ഒമ്പത്‌ മണിക്കു ബെല്ലടിച്ചാല്‍,മറുബെല്ലടിച്ച്‌ സ്ട്രൈക്ക്‌ വിളിക്കാന്‍ ഞങ്ങള്‍ കുറച്ചു പേര്‍ അക്ഷമയോടെ വെയിറ്റ്‌ ചെയ്യുന്നു.
പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ലാത്തതു കൊണ്ട്‌ ഞാനും ഉല്ലാസും വെറുതെ ഓഫീസിന്റേം,വിമണ്‍സ്‌ റൂമിന്റേം ഇടേല്‌ള്ള ബാല്‍ക്കണീല്‍ നിന്ന് ക്‌ടാങ്ങള്‍ടെ ചോര കുടിച്ചോണ്ടിരിക്ക്യായിര്‌ന്നു.
നല്ല ടിപ്പായിട്ട്‌ ഡ്രസ്സ്‌ ചെയ്ത ഒരാള്‍ ഞങ്ങളുടെ അടുത്തേക്ക്‌ വന്നിട്ട്‌ ചിരിച്ചു.ഇതു വരെ കോളേജില്‍ കാണാത്ത ഒരാള്‍.
"ഓാാാ" ഞങ്ങളും ചിരിച്ചു.
"ഇന്ന് പഠിപ്പുമുടക്കാണല്ലേ???"
എന്തൊരു സ്നേഹത്തോടെയുള്ള ചോദ്യം.
അതേല്ലൊ ചേട്ടാ."
"അടി നടക്ക്വോ??"
"ങേ....."എന്തോാാാാാാാ സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ണ്ടല്ലോ
"പിന്നേ....ഇന്നത്തെ അടിയാണ്‌ ഏട്ടാ അടി...."എന്റെ പിന്നില്‍ നിന്നാണല്ലൊ ആ സൗണ്ട്‌???
ഓ...ഉല്ലാസ്‌.ചെങ്ങായി ഇങ്ങനെ കത്തീക്കേറ്‌ാ...സ്വന്തം പാര്‍ട്ടിക്കാരനെ കൊന്ന ദേഷ്യം....ക്വയറ്റ്‌ നാച്വറല്‍...
"പൂളിക്കളയും ഡാഷ്‌കളെ...ഇന്നിവ്‌ടെ ഒരു ചോരപ്പുഴ ഒഴുകും"
ഹയ്‌...ഹയ്‌...എന്താ ഡയലോഗ്‌!!!
ഞാന്‍ നമ്മടെ പുതിയ ചേട്ടന്‍ കേള്‍ക്കാതെ "പ്‌ശ്ശ്ശ്ശ്‌...ശ്ശ്ശ്ശ്‌"-ന്നൊക്കെ വെക്ക്‌ണ്ടെങ്കിലും ചുള്ളന്‍ എന്റെ മുഖത്തേ നോക്കുന്നില്ല.
നമ്മടെ പുതിയ ചേട്ടന്‍ ശ്രദ്‌ധിച്ച്‌, തലയാട്ടി കേട്ടുകൊണ്ടിരിക്ക്യാ...
സോറി ഫോര്‍ ദ ഇന്ററപ്ഷന്‍!
ഇനീം ഉല്ലാസിനെ സംസാരിക്കാന്‍ വിട്ടാല്‍ കുഴപ്പമാവും-ന്ന് മനസിലായപ്പോള്‍ ഞാന്‍ കേറി ഇടപെട്ടു.
"അല്ലാ,ചേട്ടനെ മുമ്പിവിടെ കണ്ടിട്ടില്ല്യാല്ലോ???എന്താ പരിപാടീ-ന്ന് പറഞ്ഞില്ലാ???"
"ഓ സ്പെഷല്‍ ബ്രാഞ്ചിലാ" വളരെ കാഷ്വലായ മറുപടി.
"ങേ ???"ഉല്ലാസിന്‌ ശരിക്കങ്ങ്‌ട്‌ മനസ്സിലായില്ല്യാ തോന്ന്‌ണൂ.
"പോലീസില്‌...സ്പെഷല്‍ ബ്രാഞ്ചിലാ-ന്ന്" മൂപ്പര്‌ ഉല്ലാസിന്റെ ഡൗട്ടങ്ങ്‌ട്‌ ക്ലിയര്‍ ചെയ്തതും ആസ്ത്‌മാ രോഗി ഏങ്ങി വലിക്കുന്നതു പോലൊരു ശബ്ദം എന്റെ പിറകില്‍ നിന്നും കേട്ടതും ഏതാാാാണ്ട്‌ ഒരേ സമയത്തായിരുന്നു.
തിരിഞ്ഞു ഉല്ലാസിനെ നോക്കിയപ്പോള്‍ മിടുക്കന്റെ "പൊടി പോലുമില്ലാ കണ്ടു പിടിക്കാന്‍".
അന്നു മുങ്ങിയ ഉല്ലാസ്‌ 'മന്ത്രിച്ചൂതല്‍,ചരടു ജപിച്ചു കെട്ടല്‍' എന്നീ പ്രോഗ്രാംസിനു ശേഷമാണു റീ-ലാന്റ്‌ ചെയ്തതെന്നാണ്‌ ചിറ്റൂര്‍ കോളേജിലെ പഴം പാട്ടുകാര്‍ പാടി നടക്കുന്നത്‌.

Read more...

September 1, 2009

ഓണാശംസകള്‍

എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും ഒരുമയുടെ ഓണാശംസകള്‍....

കോളേജ്‌ കാലത്തെ ഓണം ഓര്‍മ്മകളില്‍ നിറയുന്നു.
ഓണം ഘോഷയാത്ര, പൂക്കളമത്സരം, ഉറിയടി, വടംവലി, സംഗീത മേളകള്‍....
ജോലിത്തിരക്കിന്റെയും പ്രാരാബ്ദങ്ങളുടേയും ഈ വേനലില്‍ ഒരു കുളിര്‍കാറ്റുപോലെ ഓര്‍മ്മകള്‍...

Read more...

July 23, 2009

സീറ്റൊഴിവ്‌

ചിറ്റൂര്‍ ഗവ.കോളേജില്‍ ഒന്നാംവര്‍ഷ ബിരുദസീറ്റുകളില്‍ പട്ടികവര്‍ഗം, അംഗവൈകല്യം ബാധിച്ചവര്‍, മുന്നാക്കവിഭാഗങ്ങളിലെ ബി.പി.എല്‍., ക്രിസ്‌ത്യന്‍ ഒ.ബി.സി. (ലാറ്റിന്‍ ഒഴികെ), തമിഴ്‌ഭാഷാ ന്യൂനപക്ഷം എന്നീ വിഭാഗങ്ങള്‍ക്കായി സംവരണംചെയ്‌തിട്ടുള്ള ചില സീറ്റുകള്‍ ഒഴിവുണ്ട്‌. ബിരുദപ്രവേശനത്തിന്‌ അപേക്ഷിച്ചിട്ടുള്ള ഈ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ വകുപ്പ്‌തലവന്മാരുമായി ജൂലായ്‌ 27 നുമുമ്പായി ബന്ധപ്പെടണമെന്ന്‌ പ്രിന്‍സിപ്പല്‍ അറിയിച്ചു.

Read more...

May 22, 2009

Our college got B grade by NAAC

Chittur college was awarded the "B" grade by the National Assessment and Accreditation Council (NAAC) of the University Grants Commission (UGC).


The Cumulative Grade Point Average (CGPA) is 2.79

Congratulations to all students, staffs and college authorities 

Read more...

May 12, 2009

തുകല്‍പ്പന്തിന്‍റെ തുന്നിക്കെട്ടായ കാലം - എന്‍റെ ക്രിക്കറ്റ് കാലം

എന്നെ ക്രിക്കറ്റിന്‍റെ വഴിയിലേയ്ക്ക് തിരിച്ചു വിട്ടത് അച്ഛനും ചേട്ടനുമാണെന്ന് നിസ്സംശയം പറയാം. വെറുതെ ഒരു നേരമ്പോക്കായി തുടങ്ങുകയും പിന്നീട് ഗൌരവപൂര്‍ണ്ണവുമായി വളരുകയുമായിരുന്നു ക്രിക്കറ്റിന്‍റെ വിത്ത്. ക്രിക്കറ്റ് ഒരൊറ്റപ്പനയായിരുന്നില്ല അതിന് ആലിനെപ്പോലെ വളരുന്ന പ്രകൃതമായിരുന്നു ഉണ്ടായിരുന്നത്.

ഞാന്‍ രണ്ടിലായിരുന്ന കാലത്ത് ഒരു ശമ്പളദിനത്തില്‍ അച്ഛന്‍ കളിക്കാന്‍ വേണ്ടതെല്ലാം മേടിച്ചുകൊണ്ടുവന്നു. ഒരു വെളുത്ത പയനിയര്‍ ബാറ്റ്, നാല് കൂര്‍മ്മുനയുള്ള സ്റ്റമ്പുകള്‍, ഒരു കോര്‍ക്ക് ബാള്‍, ഒരു റബ്ബര്‍ ബാള്‍, പിന്നെ ശരിക്കുമൊരു ക്രിക്കറ്റ്ബാള്‍, ബെയില്‍സ്...... അന്നാണ് ഞാന്‍ അവയൊക്കെ ആദ്യമായി കാണുന്നതു തന്നെ. ഞാന്‍ മുമ്പൊരിക്കലും ക്രിക്കറ്റുകളി കണ്ടിരുന്നില്ല. ആദ്യ ഗുരുവും വഴികാട്ടിയും ചേട്ടനായിരുന്നു. ചേട്ടന്‍ ബൌള്‍ ചെയ്തപ്പോള്‍ അച്ഛന്‍ ക്ലീന്‍ ബൌള്‍ഡാവുന്നതു കണ്ടതോടെ ആരാധന മൂത്തു; ഭയങ്കരന്‍ തന്നെ! ചേട്ടന്‍ പറയുന്നതു പോലെ കളിക്കുക എന്നതായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്ന കാര്യം. എന്നും ചേട്ടന്‍ കളിക്കാര്യത്തില്‍ ഒരു നിതാന്ത സ്വാധീനമായിരുന്നു.

പഴയ വീട്ടിലെ മുപ്പതുവാര നീണ്ട പടിഞ്ഞാറേ വശത്തെ മുറ്റമായിരുന്നു 19 വയസ്സുവരെ എന്‍റെ പ്രധാന പരിശീലന കേന്ദ്രം. മറ്റൊരിടത്തും അത്രയും ഏകാഗ്രമായി കളിച്ചിട്ടില്ല.

തത്തമംഗലം എസ് എം എച്ച് എസ് സ്കൂളിലായിരുന്നു ആദ്യമായൊരു ടൂര്‍ണ്ണമെന്‍റില്‍ അരങ്ങേറിയത്. അന്ന് ഞാന്‍ നല്ലൊരു ഫീല്‍ഡറാണ് എന്ന തോന്നലുണ്ടായപ്പോള്‍ ചേട്ടന്‍ അടുത്തു വന്ന് ശട്ടം കെട്ടി:- വീണ് പിടിക്കുക! ചേട്ടനെന്നിട്ട് മറ്റേത്തലയ്ക്കലേക്ക് പോയി. വീഴേണ്ടാതൊരു പന്ത് ഉരുണ്ടുവീണ് പിടിച്ചു. മൈതാനത്ത് കരഘോഷമുണ്ടായി, മദ്യപിച്ച ഒരാള്‍ വന്ന് കൈതന്നിട്ടു പോയി. അപ്പോള്‍ ആ പകല്‍ നേരത്ത് ഞാന്‍ നക്ഷത്രങ്ങളെ എണ്ണുകയായിരുന്നു. അന്നത്തെ ആ തലയിടിക്കലിനു ശേഷം ആവശ്യമില്ലാത്ത ഒരു പന്തും ഞാന്‍ വീണ് പിടിച്ചിട്ടില്ല. ‘ഉവുംഗേലമ’ എന്ന മാന്ത്രിക വൃക്ഷം തേടി മൃഗങ്ങളായ മൃഗങ്ങളൊക്കെ മലകയറിയതും ഇറങ്ങുമ്പോള്‍ ചിതല്‍പുറ്റില്‍ തലയിടിച്ച് പേര് മറന്നുപോയതുമായ കഥ ഇന്നും ഞാന്‍ വായിക്കുന്നത് അന്ന് പന്ത് വീണ് പിടിച്ചതിന്‍റെ അനുഭവ വെളിച്ചത്തിലാണ്.

പാഠശാലയില്‍ ഏഴാം ക്ലാസുകാരനായിരുന്ന ഞാന്‍ കോര്‍ക്ക് ബാളില്‍ പാഡില്ലാതെ വേദനകളേറ്റുവാങ്ങി നോട്ടൌട്ടായി നിന്നതിന് പത്താം ക്ലാസുകാര്‍ മാത്രമുള്ള സ്കൂള്‍ ടീമില്‍ എനിക്കും ഇടം കിട്ടി. എന്‍റെ ആദ്യ ക്യാപ്റ്റന്‍ വിനു ചന്ദ്രനായിരുന്നു. ക്രിക്കറ്റ് ബാളില്‍ ആദ്യമായി ആ വര്‍ഷം ഭാരത്മാതയില്‍ വെച്ച് കളിച്ചു.

കളി ഒരിക്കലും കയ്യൊഴിയാന്‍ തോന്നിയില്ല. ഒരുപാട് നേട്ടങ്ങളും നിരാശകളും പിന്‍വാങ്ങലുകളും ഉണ്ടായിട്ടുണ്ട്. 26 തികഞ്ഞ പാകതയില്‍ നിന്ന് നോക്കുമ്പോഴും കഴിഞ്ഞ കാലം ഒരു തെറ്റായി തോന്നുന്നില്ല. പക്ഷേ എന്‍റെ പരിശ്രമങ്ങള്‍ പലതും ഒരത്ഭുതമായി ഇന്ന് തോന്നുന്നുണ്ട്.

സൈക്കിളില്‍ ദിവസവും വിക്ടോറിയാ കോളേജിലേക്കും ഭാരത്മാതയിലേക്കും റെയില്‍വേ കോളനിയിലേക്കും ഒക്കെ പോയി വന്ന ക്യാമ്പ് ദിനങ്ങള്‍ മനസ്സില്‍ നിറയെ ഉണ്ട്. ആ ദിവസങ്ങളില്‍ നിലാവില്‍ പുളിമരത്തിനിടയിലേക്കും ഓട്ടിന്‍പുറത്തേയ്ക്കും എറിഞ്ഞ പന്ത് തിരിച്ചുപിടിക്കുകയും കെട്ടിത്തൂക്കിയ പന്ത് പാതിരാത്രിയില്‍ അടിക്കുകയും ഉറങ്ങുമ്പോള്‍ വലങ്കയ്യില്‍ പന്ത് പിടിച്ചുറങ്ങുകയും ചെയ്ത ഒരു ക്രിക്കറ്ററാകാന്‍ പ്രയത്നിച്ച നാളുകള്‍ ഏറെ വിദൂരഭൂതത്തിലല്ലായിരുന്നു. ആരുമെന്നെ നിര്‍ബ്ബന്ധിച്ചില്ല. ഇങ്ങനെ പോയാല്‍ ജീവിതം നശിച്ച് നീ നാറാണക്കല്ലാകുമെന്ന് പറഞ്ഞവര്‍ക്ക് ഇന്നെന്താണ് പറയാനുള്ളത്?

ഞാന്‍ കളിച്ചത് അന്നുമിന്നും മനസ്സിന് മുന്‍തൂക്കം കൊടുത്തുകൊണ്ടായിരുന്നു. സാങ്കേതികത എന്നും രണ്ടാമാലോചനയിലാണ് ഉരുത്തിരിഞ്ഞത്.

+2 കാലത്താണ് ജില്ലാതലത്തില്‍ സജീവമായി കളിച്ചുതുടങ്ങിയത്. പഠനവിഷയമായി കൊമേഴ്സ് തിരഞ്ഞെടുത്ത ഞാന്‍ മിക്കവാറും അത് മറന്ന് കളിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. സ്കൂളിലേക്ക് പലപ്പോഴും അപൂര്‍വ്വമായി മാത്രമാണ് പോയതു തന്നെ.

അണ്ടര്‍ 16, 17, 19, 22, 25, സ്കൂള്‍സ് എന്നിവയിലൊക്കെ ഒന്നിച്ചായിരുന്നു കളിച്ചിരുന്നത്. കളിയെക്കാളുമെത്ര മടങ്ങാണ് പരിശീലനക്കളരികളില്‍ ചിലവഴിച്ചതെന്ന് കണക്കുകൂട്ടാനേ കഴിയില്ല. ‘എ’ ഡിവിഷനും മറ്റ് ടൂര്‍ണ്ണമെന്‍റുകളും കൂടിയായപ്പോള്‍ കളി തകൃതിയായി. പലപ്പോഴും തിരിച്ച് സൈക്കിളില്‍ വീട്ടിലെത്തിയപ്പോള്‍ രാത്രി പത്തുമണിയായി. അക്കാലത്ത് വായനയും എഴുത്തുമൊന്നും തീരെ ഉണ്ടായിരുന്നില്ലെന്ന് ഓര്‍ക്കുന്നുണ്ട്.

പരിശ്രമത്തിന്‍റെ പേരില്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ നിന്നും കേട്ടിരുന്ന വാഴ്ത്തു പാട്ടുകളൊന്നും ഞാന്‍ കാര്യമായെടുത്തില്ല. ഞാനതിലൊരിക്കലും വീണുപോയിട്ടുമില്ല. വീണവരൊക്കെ കൊഴിഞ്ഞു.

ഒരു ഗോഡ്ഫാദര്‍ വേണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല, ഇന്നും തോന്നുന്നില്ല. മികച്ച പ്രകടനങ്ങളേറെയുണ്ടായിട്ടും തുടരെ തഴയപ്പെടുന്നതില്‍ വലിയ വിഷമം തോന്നിയെങ്കിലും ഇന്ന് അതിന്‍റെ പേരില്‍ പലപ്പോഴും അകാരണമായ സന്തോഷം പോലും തോന്നുന്നുണ്ട്. അതൊരു പക്ഷേ ജീവിതത്തില്‍ മറ്റൊരു തുറയിലേയ്ക്ക് കടന്നു എന്ന തോന്നലുകൊണ്ടാകാം.

ഇതിനിടെ 98 ന്‍റെ ഒടുക്കം MAC സ്പിന്‍ ഫൌണ്ടേഷന്‍റെ സെലക്ഷനായി ഞാനും തിരുവനന്തപുരത്ത് പോയി. അവിടെ സംസ്ഥാന താരങ്ങളുള്‍പ്പെടെ 225 സ്പിന്നര്‍മാരാണ് എത്തിച്ചേര്‍ന്നത്. രണ്ടു ദിവസം നീണ്ടു നിന്ന സെലക്ഷനില്‍ എനിക്ക് ശുഭാപ്തി വിശ്വാസം നഷ്ടപ്പെട്ടില്ല. ചില മാസങ്ങള്‍ക്കു ശേഷം തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോള്‍ എനിക്കുണ്ടായതിനേക്കാള്‍ ആഹ്ലാദം ചേട്ടനും മറ്റുള്ളവര്‍ക്കുമുണ്ടായ കാര്യം ഇന്നും ഓര്‍ക്കുമ്പോള്‍ അഭിമാനമുണ്ട്. എനിക്ക് പരിചയമില്ലാത്ത ആളുകള്‍ പോലും എന്നോടന്ന് വക ചോദിച്ചിരുന്നു. ഞാന്‍ അവര്‍ക്കൊക്കെയും വേണ്ടിയാണ് പിന്നീട് കളിച്ചത്.
മദിരാശിയില്‍:-


99 മുതല്‍ മൂന്നു കൊല്ലക്കാലം ചില മാസങ്ങളിലായി ഞാന്‍ MAC യില്‍ പരിശീലനം നേടി. അന്ന് കേരളത്തില്‍ നിന്നും സെലക്ഷന്‍ കിട്ടിയ രണ്ടാളുകളില്‍ ഒരാളായിരുന്നു ഞാന്‍. അവിടെവെച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ നിലവാരം ഞാനറിഞ്ഞത്. ക്രിക്കറ്റ് വെറുമൊരു ജാഡയല്ല എന്ന് അവര്‍ തെളിയിച്ചു. ഇന്‍റര്‍നാഷണലുകള്‍ അടുത്ത കൂട്ടുകാരെപ്പോലെ പെരുമാറി. അവരുടെ പ്രകടനം പോലെ തുറന്ന മാനസികാവസ്ഥയും സ്ഥിരമായിരുന്നു. അവിടെ എല്ലാവരും ഒരുപോലെ പരിഗണിക്കപ്പെട്ടു. താമസസൌകര്യവും അച്ചടക്കവും ഭക്ഷണവും യാത്രയും ഒക്കെ എന്നെ അതിശയിപ്പിച്ചു. കുമാര്‍ സാറുടെ പച്ച മാരുതിക്കാറില്‍ ഗസ്റ്റ് ഹൌസിലേക്ക് തിരിച്ചുവന്ന വൈകുന്നേരങ്ങള്‍ സ്വകാര്യമായൊരു ആഹ്ലാദമായിരുന്നു എനിക്ക്.

മദിരാശിയില്‍ വെച്ച് ഒരുപാട് അന്താരാഷ്ട്ര താരങ്ങള്‍ക്ക് ഞാന്‍ പന്തെറിഞ്ഞിട്ടുണ്ട്. സ്ഥിരമായി നല്ല പ്രകടനമായിരുന്നതുകൊണ്ട് ‘സീനിയര്‍ ലെവനി’ലേക്ക് ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. വിനോദ് കാംബ്ലി, എസ്.രമേഷ്, എസ്.ശരത്ത്, എസ്.ശ്രീരാം, ഡ്ബ്ല്യൂ വി രാമന്‍, യുവരാജ് സിങ്, കൈഫ്, സോധി എന്നിവര്‍ക്കൊക്കെ പന്തെറിഞ്ഞു. മുരളി കാര്‍ത്തിക്, ബി.രാംപ്രകാശ് എന്നിവരൊക്കെ ഇടയ്ക്കിടെ ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. നിഖില്‍ ചോപ്ര പലപ്പോഴും ഞങ്ങളുടെ ഗസ്റ്റ് ഹൌസില്‍ താമസിച്ചിരുന്നു. രജത് ഭാട്ടിയ റൂം മേറ്റുമായിരുന്നു. MRF പേസ് ഫൌണ്ടേഷനില്‍ ഒരുപാട് താരങ്ങളെക്കണ്ടിരുന്നു. ഞാനും ഡാമിയനും കൂടി ടിനു യോഹന്നാനെ കാണാന്‍ പോകുമായിരുന്നു, അന്ന് സഹീര്‍ ഖാന്‍ ടിനുവിന്‍റെ റൂം മേറ്റായിരുന്നു. ശ്രീലങ്കയില്‍ നിന്നുള്ള ദില്‍ഹാരാ ഫെര്‍ണാണ്ടോയും ഉണ്ടായിരുന്നു, നിറയെ തമാശകള്‍ പറഞ്ഞിരുന്ന അയാള്‍ കുറേക്കാലമായി ശ്രീലങ്കയ്ക്ക് കളിക്കുന്നു. ബ്രെട്ട് ലീയും ഡെന്നീസ് ലില്ലിയുമൊക്കെ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു എങ്കിലും വല്ലപ്പോഴും മാത്രമേ കണ്ടുള്ളൂ.

2001 ല്‍ അവിടെ നിന്നും തിരിച്ചുപോകുമ്പോള്‍ പെര്‍ഫോമന്‍സ് സര്‍ട്ടിഫിക്കറ്റ് നേടിയ ആറില്‍ ഒരാളായി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. മുരളി കാര്‍ത്തിക്ക്, സഞ്ചയ് റൌള്‍, ഹര്‍ഭജന്‍ സിങ് എന്നിവര്‍ക്കു ശേഷം നേടിയ ആ സര്‍ട്ടിഫിക്കറ്റ് വലിയ നേട്ടമായിരുന്നു. ഞാനാരോടും പറഞ്ഞില്ല; ആരുമെന്നോട് ചോദിച്ചതുമില്ല.

വി.വി.കുമാറായിരുന്നു ഞങ്ങളുടെ സീനിയര്‍ കോച്ച്. പലതരം വിക്കറ്റുകളിലെറിയാനുള്ള പലതരം പന്തുകള്‍ പഠിച്ചു. ഇരപ്പള്ളി പ്രസന്ന ഇടയ്ക്കിടെ ക്യാമ്പ് സന്ദര്‍ശിക്കുമായിരുന്നു. അവിടേത്തന്നെ താമസിച്ച് കളിക്കുകയാണെങ്കില്‍ കമ്പനികളില്‍ ജോലിക്ക് സാദ്ധ്യതയുണ്ടെന്ന് എന്നോട് കുമാര്‍ സാര്‍ പറഞ്ഞിരുന്നു. പക്ഷേ ഞാനക്കാര്യം വീട്ടില്‍ പറഞ്ഞില്ല. വീട് വിടേണ്ടിവരുമോ എന്ന അജ്ഞാതഭയം എന്നെ അതില്‍ നിന്ന് വിലക്കിയിരിക്കണം. ഇന്ന് എനിക്കതൊരു ശരിയായ തീരുമാനമാണെന്ന് തോന്നുന്നുണ്ട്.

ക്രിക്കറ്റില്‍ ഒന്നുമായില്ല എന്ന നിരാശയല്ല; മറിച്ച് ഇത്രയൊക്കെ ആയല്ലോ എന്ന സന്തോഷമാണ് ഇന്ന് മനസ്സില്‍ നിറയുന്നത്. കഴിഞ്ഞ കാലങ്ങള്‍ക്കും മൈതാനങ്ങള്‍ക്കും വിട.


അനൂപ്.എം.ആര്‍

Read more...

ആകാശ നക്ഷത്രങ്ങള്‍ക്കിടയിലൂടെ ഒരു കുട്ടി

സ്വപ്നം കാണാതെ ജീവിക്കേണ്ടിവരികയാണ് ജീവിതത്തില്‍ സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തമെന്ന് ഞാന്‍ വിചാരിക്കുന്നു. ഗാഢനിദ്രയില്‍ സ്വപ്നം കാണാന്‍ കഴിയാത്തതുകൊണ്ട് അതുപോലും മരണമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഉറക്കമൊഴിച്ചിരിക്കുമ്പോഴും സ്വപ്നം കാണുമ്പോഴും അത് ആത്മഹത്യയെപ്പോലെ മരണത്തെ ചൊല്‍പ്പടിയില്‍ നിര്‍ത്താനുള്ള ഒരു ശ്രമമാണ് എന്ന് ഭ്രാന്തമായ ചിന്തകളിലെപ്പൊഴോ തോന്നിയിട്ടുമുണ്ട്.

ഞാന്‍ നിരന്തരമായി സ്വപ്നങ്ങള്‍ കണ്ടുകൊണ്ടാണ് വളര്‍ന്നുവന്നത്. ഉണരുമ്പോള്‍ സ്വപ്നങ്ങളെ പുനര്‍ജ്ജനിപ്പിക്കാന്‍ ശ്രമിച്ചു. വീടിനടിയില്‍ ലാവ തിരമാലകളായാര്‍ക്കുന്ന നിലവറകളില്‍ ഞാന്‍ നരകത്തെ സൃഷ്ടിച്ചു. ചന്ദ്രനിലിറങ്ങിയ എന്നെക്കയറ്റാതെ ആംസ്ട്രോങ്ങും ആള്‍ഡ്രിനും കോളിന്‍സും ഭൂമിയിലേക്ക് തിരിച്ചു. അങ്ങനെ സ്വപ്നങ്ങള്‍ കണ്ടും കേട്ടും ണെട്ടിയുണര്‍ന്നു, കരഞ്ഞു, തമാശകള്‍ കേട്ട് ചിരിച്ചു, എന്‍റെ തന്നെ ശവഘോഷയാത്രയില്‍ പങ്കെടുത്തു, എന്‍റെ തന്നെ കളി കണ്ട് കയ്യടിച്ചു. സ്വപ്നങ്ങള്‍ക്ക് രാജ്യാതിര്‍ത്തികളും വ്യോമാതിര്‍ത്തികളും സമുദ്രാതിര്‍ത്തികളും പ്രശ്നമായിരുന്നില്ല.

തീരെച്ചെറുതായിരുന്നപ്പോള്‍ ബഹിരാകാശത്തേയ്ക്ക് വാഹനത്തില്‍ സഞ്ചരിച്ചിട്ടുണ്ട്. ഓക്സിജന്‍ സിലിണ്ടറിനുപകരം അന്ന് ഉപയോഗിച്ചത് കാറ്റുനിറച്ച പിക്കപ്പ് ബാഗുകളായിരുന്നു. വിമാനങ്ങളില്‍ നിന്നും ബലൂണുകളില്‍ നിന്നും മലകളില്‍ നിന്നും വീണുപോയിട്ടുണ്ട്. എത്രയോ തവണ മരിച്ചിട്ടുണ്ട്, ഈശ്വരനെപ്പോലെ ജനിച്ചിട്ടുണ്ട്. നിലാവുകളിലും അമാവാസികളിലും ഏറുമാടങ്ങളില്‍ പന്തം കൊളുത്തിയും തകരകൊട്ടിയും കാവല്‍ കിടന്നിട്ടുണ്ട്. ആഫ്രിക്കന്‍ ആനപ്പുറത്തുള്ള സ്ഞ്ചാരം രസകരമായിരുന്നു. തടാകങ്ങളിലെ ഡ്രാഗണുകള്‍..അവ ഊതിപ്പൊരിച്ചെടുക്കുന്ന കരിമീനുകള്‍.....
അഗാധതയിലേക്ക് അന്തമില്ലാതെ പൊടുന്നനെ വീണുപോകുന്നതിന്‍റെ ഞെട്ടല്‍ അനുഭവിക്കാത്തവരായി എത്രപേരുണ്ടാകും!
പകലും രാത്രിയും എന്നിലേയ്ക്ക് ലോകം സ്വപ്നങ്ങളില്‍ യ്ഥാതഥമായും കാല്‍പനികമായും അയുക്തികമായും ഒക്കെ വന്നുകൊണ്ടിരുന്നു. കഥാപാത്രങ്ങളും കഥകളും കൂടിക്കുഴഞ്ഞു, കാലത്തെ വകവെയ്ക്കാതെ നൂറ്റാണ്ടുകള്‍ അന്തരമുള്ളവര്‍ തമ്മില്‍ വര്‍ത്തമാനം പറഞ്ഞു, നക്ഷത്രങ്ങളും ഗ്രഹങ്ങളും ധൂമകേതുക്കളും ഉരുകിപ്പെയ്യുകയും ചുറ്റിക്കറങ്ങുകയും ചെയ്തു. ഇംഗ്ലന്‍റിലെ പുല്‍മേടുകളില്‍ വെച്ച് പലപ്പോഴും ക്രിക്കറ്റും ഫുട്ബാളുമൊക്കെ കളിച്ചിട്ടുണ്ട് ഞാന്‍.

ഇടയ്ക്കെപ്പൊഴോ ഏസ്കിലസ്സും പിരമിഡുകളും ഫറോവമാരും അന്തര്‍വാഹിനികളും ഖനിയാഴങ്ങളും തരിശുകളും വെള്ളച്ചാട്ടങ്ങളും പുഴകളുമാണ് എന്‍റെ സ്വപ്നങ്ങളില്‍ മുന്തിനിന്നത്. വീഞ്ഞുവാറ്റുന്നിടം സന്ദര്‍ശിച്ച എന്നെ ഒരാള്‍ തിളയ്ക്കുന്ന കലത്തിലേയ്ക്ക് പിടിച്ചിട്ടു. ഞാന്‍ വെന്ത പാനീയം അയാള്‍ എനിക്കു തന്നെ ഒഴിച്ചു തന്നു. അതിന്‍റെ അര്‍ത്ഥം പകലുകളില്‍ ഞാന്‍ വായിക്കുന്നു; ഞാന്‍ എന്‍റെ തന്നെ ത്യാഗവും തിരസ്കാരവും ബലിയുമാണെന്ന്.

സ്വപ്നം ഒരു വിവിധജന്മ സങ്കല്‍പമാണ്. പിറവിയില്‍ ഭൂമിക്കുമാകാശത്തിനുമിടയിലൂടെ നക്ഷത്രങ്ങള്‍ക്കിടയിലൂടെ വലിയ കാലുകള്‍ വെച്ച് വാമനനെപ്പോലെ നടക്കുന്ന ഒരു കുട്ടി.

പല പരിഹാരങ്ങളും തെളിഞ്ഞുവന്നത് സ്വപ്നങ്ങളിലാണ്. അടുക്കും ചിട്ടയുമില്ലെങ്കിലും എന്തിലൊക്കെയോ ഉള്ള അക്ഷരസ്ഫുടതയിലേക്കാണ് സ്വപ്നങ്ങള്‍ നമ്മെ എത്തിക്കുന്നത്.

അനൂപ്.എം.ആര്‍

Read more...

ഇരുട്ടും വെളിച്ചവും പാളിപ്പെയ്ത മഴകളും വൈക്കോല്‍ നിറഞ്ഞ വഴികളും

രണ്ട് സ്കൂളുകളിലായാണ് 12 കൊല്ലക്കാലം ഞാന്‍ പഠിച്ചത്. നാലുവരെ ബോയ്സിനകത്തെ എല്‍ പി, പത്തുവരെ പാഠശാലയില്‍, പിന്നെ രണ്ടുകൊല്ലം വീണ്ടും ബോയ്സില്‍.

എല്‍ പി

റോഡരികിലെ കീറിയ ചാലില്‍ നിന്ന് കാക്കപ്പൊന്ന് കണ്ടെടുക്കുകയും ചെറുകിടങ്ങളായ വലിയ ചെറിയ നാടന്‍ മിഠായികളുമായി പരിചയിക്കുകയും ചെയ്ത അക്കാലം മറ്റാരെയും പോലെ എനിക്കും സുവര്‍ണ്ണകാലമാണ്. ഓടിക്കയറാവുന്ന വാകമരങ്ങളുടെ തണലില്‍, അതിന്‍റെ അകമ്പടിയില്ലാത്ത പൊടിനിറഞ്ഞ പൊരിവെയിലില്‍ ഡസന്‍ കണക്കിന് ചെറിയ റബ്ബര്‍ പന്തുകള്‍ക്കു പിന്നിലായിരുന്നു ഞാനും. മറ്റെല്ലാവരുടെയും എന്നതുപോലെ എന്‍റെ കയ്യിലും ഓടുമ്പോള്‍ ഹവായ് ചെരിപ്പുണ്ടായിരുന്നു.

എല്‍ പിയില്‍ പ്രധാന കളികള്‍ പലതുമുണ്ടായിരുന്നു. മതിലിനകത്തും അസ്ഥിവാരങ്ങളുടെ അരികത്തും നിറയെ ഗോലികളി സംഘങ്ങള്‍, കണ്ണുപൊത്തിക്കളിക്കുന്നവര്‍, വരാന്തകളില്‍ നിറയെ കല്ലുകളിക്കുന്ന പെണ്‍കുട്ടികള്‍, മൈതാനത്ത് കാല്‍പന്തുകളിക്കാര്‍, തൊടാനോടുന്നവര്‍, ഏറുപന്തുകളിക്കുന്നവര്‍, സൈബാളടിക്കാനോടും വഴി വീണ് കണ്ണീരൊഴുക്കിയവര്‍.....
അന്ന് മൈതാനത്തും പുറത്ത് റോഡിലും ഐസ് കച്ചവടവും പിന്നെ ചെറിയ ചോളക്കഷണങ്ങള്‍, ജൌ മിഠായി പോലുള്ളതുമായ അനേകമനേകം ആകര്‍ഷണങ്ങളുണ്ടായിരുന്നു.

ഞാനവിടെ ചേര്‍ന്ന വര്‍ഷം തന്നെ ഭവാനി ടീച്ചര്‍ പെന്‍ഷനായി. ചെയ്യാത്ത കുറ്റത്തിന് ടീച്ചറുമെന്നെ ശിക്ഷിച്ചിട്ടുണ്ട്; അങ്ങനെ ചെയ്യേണ്ടിവന്നിട്ടില്ലാത്ത അദ്ധ്യാപകര്‍ കുറയും എന്നതാണ് വാസ്തവം.

സ്കൂളില്‍ നിന്ന് വീട്ടിലേക്കെന്നും തിരിച്ചുനടന്നത് വളഞ്ഞ വഴികളിലൂടെയായിരുന്നു. പതുക്കെ നടന്നാലും കാല്‍ മണിക്കൂര്‍ മാത്രം വേണ്ട പ്രധാന നിരത്ത് ഉപേക്ഷിച്ച് ഒന്നര മണിക്കൂറോളം ചുറ്റിത്തിരിഞ്ഞാണ് ഊടുവഴികളിലൂടെ നൂഴ്ന്ന്, പാടങ്ങളും താമരക്കുളങ്ങളും താണ്ടി ഞാന്‍ വീട്ടിലേക്ക് എത്തിയത്. നാലാം ക്ലാസൊടുവില്‍ ഫുട്ബാള്‍ കളി തുടങ്ങിയപ്പൊഴാണ് ഈ നേരം വൈകലിന് ഒരറുതി വന്നത്.

ഉച്ചക്കഞ്ഞിക്ക് ചെറുപയര്‍ വാങ്ങാന്‍ ഞാനും കൂട്ടുകാരും ഓടിച്ചെല്ലുമായിരുന്നു. ഒരിക്കലും കഞ്ഞി തന്നിരുന്നില്ല; വല്ലപ്പോഴും ചെറുപയര്‍ തന്നിരുന്നു. ഇതെഴുതുമ്പോള്‍ അതിന്‍റെ മണം ഞാന്‍ ശ്വസിക്കുന്നു, രത്നമ്മ ചേച്ചി പകര്‍ന്ന ഒരു കൈല്‍ പയറിന്‍റെ ചൂടിലും കാത്തിരിപ്പിലും ഞാന്‍ വിയര്‍ക്കുന്നു. അതൊക്കെ മോശമാണെന്നായിരുന്നു പല അദ്ധ്യാപകരുടെയും പക്ഷം. ചുരുക്കത്തില്‍ കഞ്ഞി കുടിക്കുന്നവര്‍ക്ക് കുടിക്കാതിരിക്കണമെന്നും കുടിക്കാത്തവര്‍ക്ക് നേരെ തിരിച്ചുമായിരുന്നു തോന്നിയിരുന്നത്. കുട്ടികള്‍ കഞ്ഞി കുടിക്കുന്നവരെയും മുഷിഞ്ഞ വസ്ത്രം ധരിക്കുന്നവരെയും കുടയില്ലത്തവരെയും പൊട്ടിയ സ്ലേറ്റുള്ളവരെയും കളിയാക്കിയിരുന്നു. അവര്‍ വന്ന വീടുകളുടെ രോഗലക്ഷണമാണ് ഞാനതില്‍ എപ്പോഴും കണ്ടെത്തിയത്.

ഉപജില്ലാ തലത്തില്‍ ഞാനും നാടകം, ഒപ്പന, സംഘഗാനം, ടാബ്ലോ എന്നിവയിലൊക്കെ പങ്കെടുത്തു. അന്നുമുതല്‍ നാടകമെന്നു കേള്‍ക്കുമ്പോള്‍ തന്നെ മൂക്കിനു താഴെയായി മീശവെക്കാനായി പുരട്ടുന്ന രൂക്ഷഗന്ധമുള്ള ദ്രാവകമാണ് ഓര്‍മ്മവരുന്നത്.

അവിടുത്തെ അസംബ്ലികളും അദ്ധ്യാപകരും സഹപാഠികളും ഒക്കെ ഇന്നും വളരെ സജീവമായി ഓര്‍മ്മയിലുണ്ട്. എന്നാല്‍ എവിടെയാണ് എല്ലാവരും? എപ്പോഴാണ് ഇനി കണ്ടുമുട്ടുക...എല്ലാവരും ജീവിച്ചിരിപ്പുണ്ടാകുമോ? ആരോഗ്യസ്വാമി മാഷുടെ അനാരോഗ്യമൊക്കെ എങ്ങനെ? ചിന്നട്ടീച്ചര്‍ എവിടെ.......ചിലരെ ഇന്നും കാണുന്നു; പലരെയും കാണുന്നില്ല. അവിടെനിന്ന് പോയിക്കണ്ട വാഴച്ചാലും പീച്ചിയുമാണ് ഇന്നും മനസ്സില്‍. ആ പുലര്‍ച്ചകളില്‍ അച്ഛന്‍റെ സൈക്കിളില്‍ നിന്ന് ചേട്ടനോടൊപ്പമിറങ്ങുമ്പോള്‍ എന്തൊരു ആവേശമായിരുന്നു. എത്രയോ പറയാനുണ്ട്, പക്ഷേ ഒന്നിനും സമയമായിട്ടില്ല. അന്ന് രൂപ കയ്യിലില്ലാത്തതുകൊണ്ട് വരാന്‍ കഴിയാതിരുന്ന എന്‍റെ സഹപാഠികളുടെ മുഖം പലതും എന്‍റെ ഓര്‍മ്മകളില്‍ തെളിയുന്നു. ഇന്നവരൊക്കെ എന്തു ചെയ്യുന്നു.

പാഠശാലയില്‍

അഞ്ചാം ക്ലാസുമുതല്‍ എന്നും സൈക്കിളിലാണ് സ്കൂളില്‍ പോയത്. മഴയും വൈക്കോലും വെയിലും നിറഞ്ഞ വഴിയിലൂടെ മുടങ്ങാതെ എന്നും നീലയും വെള്ളയിലും അനുപാതം തികയ്ക്കാനെന്നപോലെ ഞാന്‍ പോയി വന്നു. സൈക്കിളില്‍ ബെല്ലും ബ്രേക്കും സ്റ്റാന്‍റും ഇല്ലാതിരുന്നതു പോലെ അക്കാലത്തിന്‍റെ ഓര്‍മ്മകള്‍ ശുഷ്കമാണ്. ആ മതിലുകളുടെ തടവറയില്‍....കുറേക്കാലം.

അവിടുത്തെ പഠനകാലത്ത് സങ്കുചിതരും വിശാല മനസ്കരുമായ അദ്ധ്യാപകരെ ഒരേസമയം പരിചയപ്പെട്ടു. ഒരു താരതമ്യ പഠനത്തിന് അത് വഴിവെച്ചു. അകാരണമായി ശകാരിക്കുന്നവരും ശിക്ഷിക്കുന്നവരും നിറയെ ഉണ്ടായിരുന്നു. വേലി ചാടാന്‍ നിര്‍ബ്ബന്ധിക്കുന്നതരത്തില്‍ നെഗറ്റീവ് സമീപനമാണ് ഭൂരിഭാഗം അദ്ധ്യാപകരില്‍ നിന്നും ഉണ്ടായിരുന്നത്. എന്‍റെ ഫുട്ബാള്‍ കരിയര്‍ നശിപ്പിച്ചുകളഞ്ഞത് പാഠശാലയാണ്.... അതിന്നും വലിയൊരു മുറിപ്പാടാണ്.. അങ്ങനെ എനിക്കുണ്ടായ മുറിവുകളുടെ എണ്ണം എണ്ണിയാല്‍ തീരാത്തതാണ്. ആരെങ്കിലും ഒരു വേണ്ടായ്മ എഴുതിയതിന് പൊരിവെയിലത്ത് നിര്‍ത്തി വിസ്തരിച്ച അദ്ധ്യാപകര്‍ക്ക് ഹൃദയമുണ്ടെന്ന് ഞാന്‍ വിശ്വസിക്കണോ? അവര്‍ യഥാര്‍ഥത്തില്‍ അതാകേണ്ടവരായിരുന്നില്ല എന്ന എന്‍റെ വാദത്തിന് എന്ത് വിയോജിപ്പാണ് അവര്‍ക്ക് നല്‍കാനാവുക?

എന്‍റെ പ്രിയപ്പെട്ട മുത്തശ്ശി മരിച്ച വിവരമറിയിക്കാനായി എത്തിയ അച്ഛനോടൊപ്പം എന്നെ അര മണിക്കൂറിന്‍റെ വിസ്താരത്തിന് ശേഷമാണ് വിട്ടയച്ചത്. അതിനുശേഷം ഒരിക്കലും എനിക്കവിടവുമായി പൊരുത്തപ്പെടാന്‍ കഴിയുമായിരുന്നില്ല. പാഠശാല എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ തെളിയുന്നത് കുറേ ഇരുണ്ട മുറികളും ഇടുങ്ങിയ വരാന്തകളും പൂട്ടിയിട്ട മുറികളുമാണ്. ആ മുറികളുടെ കട്ടപിടിച്ച പോടിക്കാലം നെഞ്ചിലേയ്ക്ക് തള്ളിക്കയറിവരുന്നു..ആ ഇരുണ്ട വരാന്തകളിലൂടെ ഓടുമ്പോള്‍ ഞാന്‍ ആരുമായൊക്കെയോ കൂട്ടിമുട്ടുന്നു.

നടുമുറ്റങ്ങളില്‍ വീണ വെയില്‍ നാളങ്ങളായി അനുഭവപ്പെട്ടത് ജയശീലന്‍ മാഷുമായുള്ള കൂടിക്കാഴ്ച്ചകളും മാഷെന്നെ ചൊല്ലാന്‍ പഠിപ്പിച്ച കവിതകളുമായിരുന്നു. രാജേശ്വരി ടീച്ചറും, ദേവകി ടീച്ചറും...അങ്ങനെ എല്ലാവരും എന്‍റെ ജീവിതത്തിലേക്ക് അവരവരുടേതായ വെളിച്ചം വീശിയിട്ടുണ്ട്. ഒന്നും തള്ളിപ്പറയുന്നില്ല; എന്നാല്‍ എന്‍റെ വേദനകള്‍ക്ക് ഉത്തരം പറയാന്‍ പലരും ബാദ്ധ്യസ്ഥരാണ്.

എട്ടാം ക്ലാസിലേക്ക് കയറിപ്പോകുന്ന മരപ്പടിയില്‍ ഞാനെന്താണ് ആലോചിച്ചു നില്‍ക്കുന്നത്? ചിലര്‍ കുറിച്ചിട്ട മുറി ഇംഗ്ലീഷിനെ തുടര്‍ന്ന് നിര്‍ത്തിപ്പൊരിച്ച ആ വെയിലിനെക്കുറിച്ച് പറഞ്ഞല്ലോ..ഞാന്‍ ഒരു പെണ്‍കുട്ടിയെ പ്രേമിക്കുന്നു എന്നതായിരുന്നു ആ കുറിപ്പ്. ആ പെണ്‍കുട്ടി എന്നോ വിവാഹിതയായി. പ്രതികളില്‍ എല്ലാവരും അന്നും പിന്നീട് കാലങ്ങള്‍ക്കു ശേഷവും എന്‍റെ സുഹൃത്തുക്കളായി. പല കാര്യങ്ങളിലും ഞാന്‍ വിയോജിച്ചുതന്നെയാണ്. രവികുമാറിനെ കുത്തിക്കൊന്ന് കൂട്ടുകാരന്‍ പില്‍ക്കാലത്ത് ജയിലില്‍ പോയി. ഒരുവന്‍ വയനാട്ടില്‍ ഒരു ബലാത്സംഗക്കേസില്‍ പ്രതിയായി.....
ഓരോ തവണ മാത്രം പൊടിപിടിച്ച ലൈബ്രറി, പി ടി റൂം, സയന്‍സ് ലാബ് എന്നിവ കണ്ടിട്ടുണ്ട്. ഹൃദയം പോലും തുറന്നുകാണിക്കാന്‍ കഴിയാത്തവര്‍ക്ക് പൊടി പിടിച്ച മുറികള്‍ തുറന്നിടാനാകുമോ? ഒരു പക്ഷേ ആ മുറികള്‍ അവരുടെ ഒക്കെ ഉള്ളായി അവരെ ഭയപ്പെടുത്തിയിരിക്കണം.

കബഡിയും ക്രിക്കറ്റും ചില്ലേറും ഒക്കെ അവിടെയുണ്ടായിരുന്നു. പക്ഷേ ഒരിക്കലും മതിമറന്ന് കളിക്കാനുള്ള സ്ഥലം അവിടെയുണ്ടായിരുന്നില്ല. ഉള്ള മൈതാനം കാലത്ത് പുറപ്പെട്ടാല്‍ വൈകീട്ട് മാത്രം എത്തിച്ചേരാന്‍ കഴിയാവുന്നത്ര ദൂരെയായിരുന്നു.

പഠനം വല്ലപ്പോഴും മാത്രമേ ആസ്വദിക്കാന്‍ കഴിഞ്ഞുള്ളൂ. ഏഴു വരെ സ്ഥിതിഗതികള്‍ വ്യത്യസ്തമായിരുന്നു. വിവിധതരം ശിക്ഷാ വിധികള്‍ നടപ്പിലാക്കിയിരുന്ന അദ്ധ്യാപകരുടെ ശിക്ഷയില്‍ നിന്ന് ഒഴിവാകാനുള്ള ഉപായം മാത്രമായി പഠിത്തവും കോപ്പിയെഴുത്തുമൊക്കെ പലപ്പോഴും ചുരുങ്ങി. ആരോടോ വാശിതീര്‍ക്കാന്‍ എന്നപോലെ പല വിഷയങ്ങളും പഠിച്ചില്ല. മാര്‍ക്ക് കിട്ടുന്നതിനേക്കാള്‍ ആഹ്ലാദം പലപ്പോഴും ഒന്നും രണ്ടും മാര്‍ക്ക് കിട്ടുമ്പോള്‍ തോന്നിയിരുന്നു.

അക്കാലത്ത് രഘുവിന്‍റെ രണ്ടാമത്തെ മകന്‍ പിഴച്ചുപോയെന്ന് നേരിട്ടും അല്ലാതെയും അടുത്ത ആളുകള്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ ആരും ഒരു പരിഹാരവും പറഞ്ഞുതരികയുണ്ടായില്ല. പരിഹാരത്തിനു പകരം അങ്ങനെയാണെന്ന് സ്ഥാപിക്കുന്നതിലാണ് അവരുടെ സന്തോഷമെന്ന് ഇന്ന് തോന്നുന്നു.

അനൂപ്.എം.ആര്‍

Read more...

Followers

Recent Comments

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP