വായ്പാനിലാവ്
കടം മേടിച്ച
വെളിച്ചം കൊണ്ട് നീ
ചന്ദ്രിക ചമഞ്ഞല്ലോ
താരവാഗ്വിലാസങ്ങളില്‍
കവി വചനധാരകളില്‍
നിറഞ്ഞുകവിഞ്ഞല്ലോ
അനൂപ്.എം.ആര്‍
Celebrating the spirit of the days we have been together
കടം മേടിച്ച
വെളിച്ചം കൊണ്ട് നീ
ചന്ദ്രിക ചമഞ്ഞല്ലോ
താരവാഗ്വിലാസങ്ങളില്‍
കവി വചനധാരകളില്‍
നിറഞ്ഞുകവിഞ്ഞല്ലോ
അനൂപ്.എം.ആര്‍
കത്തുകള്‍
തേടിവരാത്ത
മേല്‍വിലാസമുള്ളൊരു
വീട്ടിലാണ്
ഇപ്പൊഴെന്‍റെ താമസം
ഓര്‍മ്മകള്‍കൊണ്ട്
പണിത വീട്ടില്‍
വാഗ്മൌനങ്ങളുടെ
സാക്ഷയിട്ടടച്ചതാണ്
എന്‍റെ പ്രവാസം
ഭൂതഭാവികള്‍ക്കിടയില്‍
നിശ്ചലമാക്കപ്പെട്ടൊരു
ചലച്ചിത്രമാണ് ഞാന്‍
പാട്ടിലെപ്പതിരുചേറാന്‍
പാടുന്നില്ല
തനിച്ചിരിക്കാന്‍
സ്വപ്നവാല്‍മീകവും വേണ്ട
അനൂപ്.എം.ആര്‍
ഇന്ത്യയുടെ
വാലായ സ്ഥാനം
തലസ്ഥാനമായതാണ്
തിരുവനന്തപുരം
പഴയ
നാടുവാഴിയുടെ
കളഞ്ഞുപോയ
തുരുമ്പിച്ച വാളാണ്
ഇന്നതിന്‍റെ
വംശാവലിച്ചിഹ്നം.
അനൂപ്.എം.ആര്‍
എല്ലാ നക്ഷത്രങ്ങളും
ഉണരും മുമ്പേ
ഉറങ്ങാനുള്ളതൊക്കെ
ഉറങ്ങിത്തീര്‍ത്തു
അവസാന നക്ഷത്രവും
ഉറങ്ങും മുമ്പേ
താരബന്ധങ്ങള്‍
വരച്ചുതീര്‍ത്തു
ഞങ്ങളുടെ
രാത്രിവണ്ടി
അവസാനബിന്ദുവിലേയ്ക്ക്
ബലൂണിന്‍റെ
കുത്തിവിട്ട
വായുപോലെ
യാത്ര തുടര്‍ന്നു.
അനൂപ്.എം.ആര്‍
ഒരു പ്രവാസിയുടെ
ജാഗരൂകതയോടെ
ഞാനെഴുതുന്നു
ഭൂപടത്തില്‍ തേമ്പിപ്പോയ
മഷിപ്പാടുപോലെ
എവിടെയൊക്കെയോ
സ്വന്തം അക്ഷാംശമറിയാതെ
ചേക്കേറിയ കൂട്ടുകാര്‍
പിടിച്ചുനിര്‍ത്താന്‍
തുനിഞ്ഞാല്‍
വിരലുകളെ അരിഞ്ഞുകൊണ്ട്
കുതറുന്ന സമയം
ഉള്ളില്‍ കിടന്നു
നെട്ടോട്ടമോടിയിട്ടും
അടയാളപ്പെടാതെ പോകുന്ന
നിരാലംബമായി വിതുമ്പുന്ന
വാക്കുകള്‍
പറയാന്‍ കഴിയാതെപോകുന്ന
ഒറ്റവാക്കുത്തരങ്ങള്‍
മുളകില്‍ കുളിച്ച്
വെളിച്ചെണ്ണയില്‍
വേവുന്ന ദിവസങ്ങള്‍
അന്വേഷണത്തിന്‍റെ
പടവുകളില്‍
ആലസ്യത്തിന്‍റെ
കുമിളകള്‍
നുരയുന്ന ക്ഷോഭത്തെ
അടക്കുമ്പോള്‍
തികട്ടിവരുന്ന
സ്ഥായീരാഗത്തിലെ ശോകം...
അനൂപ്.എം.ആര്‍
കളിയ്ക്കാന്‍ പൊതുവഴികള്‍
മാത്രമുള്ള കുട്ടികള്‍
കിടക്കാന്‍ പാതയോരം
മാത്രമുള്ള അഭയാര്‍ത്ഥികള്‍
അജ്ഞാത ബിനാമികള്‍
വാങ്ങിക്കൂട്ടിയ കുടുസ്സിടങ്ങള്‍
പണിയുമ്പൊഴേ വീഴുമോ എന്നു
ഭയപ്പെടുത്തുന്ന ബഹുനിലകള്‍
അഴുക്കുചാലിന്‍റെ ഓരങ്ങളില്‍
മാലിന്യ നിക്ഷേപം പോലെ
പെരുകുന്ന കുടിയേറ്റക്കാര്‍
എനിക്കു നഷ്ടപ്പെടുന്ന വീട്...
ഭൂമിയുടെ സ്വച്ഛത
ഞാനിതാ ഇവിടെ
ഒരുപിടി സിമന്‍റിന്‍റെ
ഉടമയായിരിക്കുന്നു
ഉരുക്കുപാത്രങ്ങളില്‍
തുരുമ്പിന്‍റെ പന്ത്രണ്ടുമണിപ്പൂക്കള്‍
വിരിയുന്നു
വരാതെപോയൊരു
മിസ്കോളിനെച്ചൊല്ലി
അയലത്തെ കാമുകന്‍
രാത്രിമുഴുവന്‍ ടെറസ്സിനുമുകളില്‍
തണുപ്പിനോടു മല്ലടിച്ചലയുന്നു
‘അവളെയാരോ വിളിയ്ക്കുന്നില്ലേ’
എന്ന സംശയം തഴച്ചപ്പോള്‍
കാമംകൊണ്ട്
തലോടിയ കൈകള്‍
പ്രിയപ്പെട്ടവളുടെ
മരണജാതകമെഴുതുന്നു
സമയത്തിനോടാത്ത വണ്ടികളും
കാല്‍നടകൊണ്ട്
മുറിയ്ക്കാനാകാത്ത റോഡുകളും
പുകയുടെ പ്രശംസ പിടിച്ചുപറ്റിയ
അന്തരീക്ഷത്തിലൂടെ നീങ്ങുന്നു
ചോദിച്ചിടത്തേയ്ക്കില്ലെന്ന്
പതിമൂന്നാമത്തെ ഓട്ടോക്കാരനും
കയ്യൊഴിയുന്നു
മോര്‍ച്ചറിയിലെ അജ്ഞാത ശവത്തിന്‍റെ
ഛായയും ഭാവവുമുള്ള
പ്ളാസ്റ്റിക് സുന്ദരി
രണ്ടിഞ്ചാണിമേല്‍
അത്താണിയില്ലാത്ത തിരക്കില്‍
മുന്താണിയില്ലാത്ത
നിരത്തുവക്കിലൂടെ
‘ക്യാറ്റായി’ വാക്ക് ചെയ്തു പോകുന്നു
പിസാഹട്ടുകള്‍ക്കും
ഫ്രീകോളുകള്‍ക്കും
അനുദിനം മാറിവരുന്ന പൊറുതിയ്ക്കും
ഇടയിലൂടെ
പുതിയ സോഫ്റ്റ്വെയറുകള്‍ അന്വേഷിച്ചു
മലയാളിയോട് മലയാളി
ആംഗലത്തില്‍
മൊഴിഞ്ഞതു കേട്ടപ്പോള്‍
മീനാക്ഷിപുരത്തൊരു കാലിച്ചന്തയില്‍
കാള മൂത്രമൊഴിച്ചത് ഓര്‍മ്മവന്നു
അഴയില്‍ നിന്ന്
കാറ്റുപറത്തിക്കൊണ്ടുപോയത്
എന്‍റെ കുപ്പായം മാത്രമല്ല
ഒരേയൊരു മേല്‍വിലാസമായിരുന്നു
ആര്‍ക്കറിയില്ല
എടുത്തണിയുന്നതാണ്
വ്യക്തിത്വമെന്ന്
അടഞ്ഞ കാതുകളും
അയവെട്ടുന്ന വായുമാണ്
ഞങ്ങളുടെ ചിഹ്നങ്ങളെന്ന്
ഈ രാത്രി കനക്കുമ്പോള്‍
ഭ്രാന്തിയും
അവരുടെ വെളുത്ത പട്ടിയും
എന്തുചെയ്യുന്നുണ്ടാവുമോ ആവോ? !
അനൂപ്.എം.ആര്‍
അച്ഛനെവിടെയീ
ഭൂപടത്തില്‍
എന്ന് തിരഞ്ഞു നടന്നു
അമ്മയെവിടെയീ
വീട്ടിലെന്നു
വിളിച്ചു നടന്നു
കുടത്തിനുള്ളില്‍
കുടുങ്ങിപ്പോയ
കടന്നലിനെപ്പോലെ
നഗരം
മുരണ്ടുകൊണ്ടേയിരുന്നു
എനിക്കു നഷ്ടപ്പെട്ട
സമാധാനത്തിന്‍റെ
ഭൂമിയാണച്ഛന്‍
എനിക്കു നഷ്ടമായ
വീടാണമ്മ.
അനൂപ്.എം.ആര്‍
ഓര്‍മ്മിയ്ക്കുകയെന്നാല്‍
അമ്പേല്‍ക്കുകയാണെന്നര്‍ത്ഥം
ഓര്‍മ്മിയ്ക്കാനിഷ്ടപ്പെടുന്നവന്‍
മുറിയാനുമിഷ്ടപ്പെടാതിരിക്കില്ല.
അനൂപ്.എം.ആര്‍
തിന്ന പെന്‍സിലുകള്‍
അകച്ചുവരുകളില്‍
ഊടുപാടെഴുതിത്തുടങ്ങുന്നു
അപ്പോളെനിക്കൊരു
കഥപറയാറാകുന്നു
ഒരു കവിത
തെറ്റിച്ചാടിവരുന്നു
എപ്പോഴാണ്
പെന്‍സില്‍തീറ്റ
നിര്‍ത്തിയത്
സ്ളേറ്റെന്നാണുടഞ്ഞുപോയത്?
അനൂപ്.എം.ആര്‍
മഴയുടെ ആകാശവും
സ്കൂളും
ഒരുമിച്ചുതുറന്ന
കാലമാണ്
ഉള്ളിലിപ്പൊഴും
മായ്ക്കിലകൊണ്ടൊന്നും
മായ്ക്കാനാവില്ല
ആ ദിവസങ്ങള്‍...
ഒരു കര്‍ക്കടകത്തില്‍
ചോരുന്ന കുടയുടെ
തണുത്ത കൈപ്പിടിയില്‍
കവിളമര്‍ത്തിക്കൊണ്ട്
നടന്ന ആ കാലത്തെ....
അനൂപ്.എം.ആര്‍
നിന്‍റെ കണ്ണില്‍
എന്‍റെ
പാസ്പോര്‍ട്ട് സൈസ്
ഫോട്ടോ
ഹൃദയത്തില്‍
എമിഗ്രേഷന്‍
ക്ളിയറന്‍സിന്‍റെ
മുദ്ര.
അനൂപ്.എം.ആര്‍
കേരളത്തിലെ വീടുകള്‍
വൈകീട്ട് ഏഴുമണിമുതല്‍
ഒമ്പതര മണിവരെ ...
പണ്ടൊക്കെ ആളുകളെ
പിരിച്ചുവിടാനായിരുന്നു
കണ്ണീര്‍വാതകം
ഉപയോഗിച്ചിരുന്നത്
എന്നാലിന്നത്
പട്ടിത്തലയിലെ
ചെള്ളുപോലെ
വീടുകള്‍ക്കുള്ളില്‍
തറച്ചുനില്‍ക്കുന്നു.
ആളൊഴിഞ്ഞ
വഴികളിലൂടെ
ഒറ്റപ്പെട്ട കാലടികള്‍
പതിഞ്ഞിരിക്കുന്നു..
ഇതാ ഇപ്പോള്‍
കര്‍ക്കടക മഴ തോര്‍ന്നതേയുള്ളൂ
കരഞ്ഞുതളര്‍ന്നുപോയ
ആബാലവൃദ്ധം
ജനങ്ങളും
ഹോംവര്‍ക്ക് ....
അടുക്കളപ്പണി...
കൂലങ്കുഷ ചര്‍ച്ച...
എന്നിവയിലേയ്ക്കൊക്കെ
തിരിച്ചുപോകുന്നു
പ്രാര്‍ഥനകള്‍
കനക്കുന്നു
‘ദൈവമേ
നാളെ ഏഴുമണിവരെ
തള്ളിനീക്കാനുള്ള
ഊര്‍ജ്ജം തരേണമേ
അള്ളാഹുവേ
കൃഷ്ണനേ
കര്‍ത്താവേ’
ദൈവമേ
നമ്മുടെ ജനത്തിന്‍റെ
പ്രാര്‍ത്ഥന
കേള്‍ക്കേണമേ
ഈ കാത്തിരിപ്പുകളില്‍ നിന്നും
വിരഹത്തില്‍ നിന്നും
നീണ്ടുപോകുന്ന
പരസ്യങ്ങളുടെ
ഇടവേളകളില്‍ നിന്നും
ഇവരെ കരകയറ്റേണമേ
ഗ്ളോറിയ്ക്കും
മറ്റെല്ലാ ദുഷ്ടകഥാപാത്രങ്ങള്‍ക്കും
നല്ല ബുദ്ധി
തോന്നിയ്ക്കേണമേ.
അനൂപ്.എം.ആര്‍
ഓര്‍മ്മകളുടെ
ശവക്കല്ലറകളില്‍
അശാന്തമായി
ഉറങ്ങുകയാണ്
ഓരോ ദിവസവും
ഉണര്‍ന്നിരിക്കാന്‍
ഓര്‍മ്മയില്ലായ്മ വേണം
പൊട്ടിച്ചിരിക്കാനുള്ള
നാണമില്ലായ്മയിലൊരു തുള്ളി
അകത്താക്കിയപ്പോള്‍ തന്നെ
എന്തൊരു ലഹരിയാണ്
ഉണര്‍ന്നിരിക്കാന്‍
ഓര്‍മ്മയില്ലായ്മ വേണം
ഉറങ്ങാന്‍
നാണമില്ലായ്മ വേണം
അനൂപ്.എം.ആര്‍
ഓര്‍മ്മകളില്‍ നനഞ്ഞൊലിച്ചുകൊണ്ട്
ഞാന്‍ വീണ്ടുമെഴുതുന്നു
നിത്യസംവേദനങ്ങളുടെ വിരസതയില്‍
മനസ്സുപിടഞ്ഞ് നിലവിളികളിലേക്ക്
ഞാന്‍ ഊളിയിട്ടുണരുന്നു
ഇവിടെത്തങ്ങിനില്‍ക്കുന്ന നിശ്ശബ്ദതയില്‍
അസത്യമുണ്ട്
ഇവിടം ശൂന്യമല്ല
കഴിഞ്ഞുപോയവന്‍റെ കണ്ണീര്
ഞാനറിയുന്നു
നടന്നാല്‍ തീരാത്ത വഴിയുടെ ഓരത്ത്
ഞാനെന്‍റെ കുടില്‍ നാട്ടുന്നു
വരുന്നെങ്കില്‍ വരൂ
നിങ്ങള്‍ക്കുമറിയണ്ടേ
കഞ്ഞികുടിക്കാനില്ലാത്തവന്‍റെ
കണ്ണേറിലെ വിശപ്പിന്‍റെ പയറും ചമ്മന്തിയും
അനൂപ്.എം.ആര്‍
ഞാനിങ്ങനെ
വേഗത്തിലെഴുതുമ്പോള്‍
അക്ഷരങ്ങളുടെ
വടിവില്ലായ്മയില്‍
അച്ഛന്‍ തെളിയുന്നത്
ഞാന്‍ അറിയുന്നുണ്ട്
അച്ഛനും അച്ഛനെക്കുറിച്ചുള്ള
എന്‍റെ അറിവില്ലായ്മയും കൂട്ടി
അച്ഛനെഴുതാത്തൊരു
കവിത പൂര്‍ത്തിയാക്കുകയാണ് ഞാന്‍
ഞാന്‍ ചോദിച്ചു
‘അര്‍ജന്‍റീനയില്‍
എങ്ങനെ പോകുന്നു?’
അവന്‍ പറഞ്ഞു
‘നിങ്ങള്‍ പറഞ്ഞതുപോലെ
ചൈനയിലെ വന്‍മതില്‍
എത്ര നീണ്ടതാണ്!’
ഞാന്‍ ചോദിച്ചു
‘നിനക്കെങ്ങനെയുണ്ട്?’
അവന്‍ പറഞ്ഞു
‘ശരിക്കും മറഡോണ
ഭയങ്കര കളിക്കാരന്‍ തന്നെ’
ഞാനപ്പോള്‍ പറഞ്ഞു
‘~@#$ $%^&
*(+= %%%%%
?!/?/_-
~`#%^_’
അവനപ്പോള്‍
പറയുകയുണ്ടായി
‘ഓ നിനക്ക് കൊടുങ്ങല്ലൂരിലൊരു
വീടുള്ള കാര്യം
ഞാന്‍ മറന്നേപോയി’
* ഗുണപാഠം: കിട്ടേണ്ടത് കിട്ടിയാല്‍ തോന്നണ്ടത് തോന്നുന്നു
എത്ര തുന്നിച്ചേര്‍ത്താലും
ഒരു കുപ്പായവും
പുതിയതാവില്ല മരണത്തിന്‍റെ
മണമുള്ള ഇടനാഴികളില്‍
ആരും പ്രണയപുഷ്പങ്ങള്‍
കൈമാറുന്നില്ല
മാലഖമാര്‍
തെണ്ടാനിറങ്ങിയ നേരത്ത്
നിറതോക്കുകളുമായി
ആരാണ്
സ്വര്‍ഗ്ഗത്തിലേക്ക്
കടന്നുകയറിയത്
തീവണ്ടിയില്‍
പാട്ടുപാടുന്ന കുരുടന്
വാക്കിന്‍റെ തീപ്പെട്ടിക്കാല്‍വെളിച്ചം
വീണുകിട്ടി
(വാക്കുവെളിച്ചത്തിന്‍റെ തീപ്പെട്ടിക്കാല്‍ കളഞ്ഞുകിട്ടി എന്നുമാകാം)
“ഒന്നുമോര്‍ക്കാതിരിക്കുക
ഓര്‍മ്മ മരണമാണ് മറവി ജീവിതവും”
അയാള്‍ പാടിക്കൊണ്ടേയിരുന്നു
വരിയെണ്ണത്തിന്‍റെ ശുഷ്കത
അറിവില്‍ കാണില്ല
അയാള്‍ക്ക് പാടാനുണ്ടായിരുന്നത്
ദുഃഖങ്ങളെയുരുക്കാനുള്ള
കുറുക്കുവഴിയെക്കുറിച്ചാണ്
ഓരോ ജീവിതവും
കയറിയ
ഒരു സ്റ്റേഷനും
ഇറങ്ങാനുള്ള
മറ്റൊരു സ്റ്റേഷനുമിടയില്‍
ഓടിക്കൊണ്ടിരിക്കുകയാണ്
ആരുമറിയാതെ
ശബ്ദമുണ്ടാക്കാതെ
ഇരിക്കുന്നവരെ
ആരുമറിയുന്നില്ല
എല്ലാവരും
വിവസ്ത്രരാണ് എല്ലാമൊരു
നാട്യവുമാണ്
പതിനായിരങ്ങള്‍
ടാഗ് ചെയ്ത
വസ്ത്രങ്ങള്‍ക്കുള്ളില്‍
ചിലര്‍
ഒളിവുതാമസത്തിലാണ്
നോക്കൂ നമ്മുടെ
വര്‍ത്തമാനങ്ങളൊക്കെ
എഴുതപ്പെടുന്നത് എറേസബിള്‍ ഫോര്‍മാറ്റിലാണ്
ഒരു ക്ലിക്കില്‍
മാഞ്ഞുപോകും
ഒരു ജീവിതത്തിന്‍റെ സത്യം
നമുക്കുവേണ്ടി
മറ്റാരോ
ഓര്‍ത്തുവെക്കുന്നു
നമ്മുടെ വര്‍ത്തമാനങ്ങള്‍
നിന്‍റെ നനുത്ത കൈത്തലം
നെറ്റിയില്‍ വീണെല്ലാ
പകലുകളിലേക്കും
കണ്‍തുറന്നിരുന്നെങ്കില്‍!
ഞാനുറങ്ങട്ടെ
മറന്നതും
മറക്കാത്തതുമായ വഴികളില്‍
ചികഞ്ഞുമലഞ്ഞും
എന്നിലെ കവി
ഉണരുന്നു
അവന്‍ തന്‍റെ
എഴുത്തുപേനയുടെ
മൂര്‍ച്ചകൂട്ടുന്നു
അവനിലെ വാക്ക്
വേതാളത്തെപ്പോലെ
തിരക്കുകൂട്ടുന്നു
അവന്
സംഗീതത്തിന്‍റെ
പട്ടും വളയും
കിട്ടുന്നു
വള്ളികെട്ടിയ
ഊന്നുവടി
വലിച്ചെറിഞ്ഞവനിരു
കാലിലോടുന്നു
സ്വപ്നത്തിലവന്
കൂട്ടുകിട്ടുന്നു
അവന്‍റെ കവിതകളൊക്കെ
കയറ്റത്തിലേക്ക് മാത്രമൊഴുകുന്നു
ഇനി ഇത്തിരി നേരമുറങ്ങട്ടെ
ഒത്തിരിനേരം
സ്വപ്നം കാണട്ടെ
© Blogger templates The Professional Template by Ourblogtemplates.com 2008
Back to TOP