നഗരത്തില്‍ നിന്നുള്ള ഡയറിക്കുറിപ്പുകള്‍
കളിയ്ക്കാന്‍ പൊതുവഴികള്‍
മാത്രമുള്ള കുട്ടികള്‍
കിടക്കാന്‍ പാതയോരം
മാത്രമുള്ള അഭയാര്‍ത്ഥികള്‍
അജ്ഞാത ബിനാമികള്‍
വാങ്ങിക്കൂട്ടിയ കുടുസ്സിടങ്ങള്‍
പണിയുമ്പൊഴേ വീഴുമോ എന്നു
ഭയപ്പെടുത്തുന്ന ബഹുനിലകള്‍
അഴുക്കുചാലിന്‍റെ ഓരങ്ങളില്‍
മാലിന്യ നിക്ഷേപം പോലെ
പെരുകുന്ന കുടിയേറ്റക്കാര്‍
എനിക്കു നഷ്ടപ്പെടുന്ന വീട്...
ഭൂമിയുടെ സ്വച്ഛത
ഞാനിതാ ഇവിടെ
ഒരുപിടി സിമന്‍റിന്‍റെ
ഉടമയായിരിക്കുന്നു
ഉരുക്കുപാത്രങ്ങളില്‍
തുരുമ്പിന്‍റെ പന്ത്രണ്ടുമണിപ്പൂക്കള്‍
വിരിയുന്നു
വരാതെപോയൊരു
മിസ്കോളിനെച്ചൊല്ലി
അയലത്തെ കാമുകന്‍
രാത്രിമുഴുവന്‍ ടെറസ്സിനുമുകളില്‍
തണുപ്പിനോടു മല്ലടിച്ചലയുന്നു
‘അവളെയാരോ വിളിയ്ക്കുന്നില്ലേ’
എന്ന സംശയം തഴച്ചപ്പോള്‍
കാമംകൊണ്ട്
തലോടിയ കൈകള്‍
പ്രിയപ്പെട്ടവളുടെ
മരണജാതകമെഴുതുന്നു
സമയത്തിനോടാത്ത വണ്ടികളും
കാല്‍നടകൊണ്ട്
മുറിയ്ക്കാനാകാത്ത റോഡുകളും
പുകയുടെ പ്രശംസ പിടിച്ചുപറ്റിയ
അന്തരീക്ഷത്തിലൂടെ നീങ്ങുന്നു
ചോദിച്ചിടത്തേയ്ക്കില്ലെന്ന്
പതിമൂന്നാമത്തെ ഓട്ടോക്കാരനും
കയ്യൊഴിയുന്നു
മോര്‍ച്ചറിയിലെ അജ്ഞാത ശവത്തിന്‍റെ
ഛായയും ഭാവവുമുള്ള
പ്ളാസ്റ്റിക് സുന്ദരി
രണ്ടിഞ്ചാണിമേല്‍
അത്താണിയില്ലാത്ത തിരക്കില്‍
മുന്താണിയില്ലാത്ത
നിരത്തുവക്കിലൂടെ
‘ക്യാറ്റായി’ വാക്ക് ചെയ്തു പോകുന്നു
പിസാഹട്ടുകള്‍ക്കും
ഫ്രീകോളുകള്‍ക്കും
അനുദിനം മാറിവരുന്ന പൊറുതിയ്ക്കും
ഇടയിലൂടെ
പുതിയ സോഫ്റ്റ്വെയറുകള്‍ അന്വേഷിച്ചു
മലയാളിയോട് മലയാളി
ആംഗലത്തില്‍
മൊഴിഞ്ഞതു കേട്ടപ്പോള്‍
മീനാക്ഷിപുരത്തൊരു കാലിച്ചന്തയില്‍
കാള മൂത്രമൊഴിച്ചത് ഓര്‍മ്മവന്നു
അഴയില്‍ നിന്ന്
കാറ്റുപറത്തിക്കൊണ്ടുപോയത്
എന്‍റെ കുപ്പായം മാത്രമല്ല
ഒരേയൊരു മേല്‍വിലാസമായിരുന്നു
ആര്‍ക്കറിയില്ല
എടുത്തണിയുന്നതാണ്
വ്യക്തിത്വമെന്ന്
അടഞ്ഞ കാതുകളും
അയവെട്ടുന്ന വായുമാണ്
ഞങ്ങളുടെ ചിഹ്നങ്ങളെന്ന്
ഈ രാത്രി കനക്കുമ്പോള്‍
ഭ്രാന്തിയും
അവരുടെ വെളുത്ത പട്ടിയും
എന്തുചെയ്യുന്നുണ്ടാവുമോ ആവോ? !
അനൂപ്.എം.ആര്‍
0 Comments:
Post a Comment