November 23, 2009

ബാഷ്പാഞ്ജലികള്‍

നമ്മുടെ പ്രാര്‍ത്ഥനകളെയാകെ നിഷ്ഫലമാക്കി സൈനോജ് യാത്രയായി. വളര്‍ന്നു വരുന്ന ഒരു ഗായകന്റെ വിയോഗമെന്ന് മാധ്യങ്ങള്‍ പറയുന്നു. എന്നാല്‍ ഹൃദയം കൊണ്ടു സംവേദിച്ച ഒരു സുഹൃത്തിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.

മാതൃഭൂമി വാര്‍ത്ത വായിക്കുക


ചലച്ചിത്ര പിന്നണിഗായകന്‍ ടി.ടി. സൈനോജ്‌ (32) അന്തരിച്ചു. ഞായറാഴ്‌ച 2.20ന്‌ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആസ്‌പത്രിയിലായിരുന്നു അന്ത്യം. രക്താര്‍ബുദത്തെ തുടര്‍ന്നുണ്ടായ മസ്‌തിഷ്‌കാഘാതം മൂലമായിരുന്നു മരണം. പിറവത്തെ സ്വകാര്യ ആസ്‌പത്രിയില്‍ നിന്ന്‌ വെള്ളിയാഴ്‌ചയാണ്‌ സൈനോജിനെ മെഡിക്കല്‍ ട്രസ്റ്റില്‍ പ്രവേശിപ്പിച്ചത്‌.

'ഇവര്‍ വിവാഹിതരായാല്‍' എന്ന ചിത്രത്തിലെ 'എനിക്ക്‌ പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്‌' എന്ന ഗാനമാണ്‌ സൈനോജിന്‌ പ്രശസ്‌തി നേടിക്കൊടുത്തത്‌. കൈരളി ചാനലിലെ 'ഗന്ധര്‍വസംഗീത'ത്തില്‍ 2002ല്‍ ജേതാവായപ്പോഴാണ്‌ സൈനോജ്‌ മലയാളികള്‍ക്കിടയില്‍ പരിചിതനായത്‌. അടുത്തിടെ പുറത്തിറങ്ങിയ 'കെമിസ്‌ട്രി' എന്ന ചിത്രത്തിലെ ഗാനവും സൈനോജ്‌ പാടിയിരുന്നു. ജീവന്‍ ടിവിയില്‍ 'നാലുമണിപ്പൂക്കള്‍' എന്ന ടിവി ഷോയുടെ അവതാരകനായിരുന്നു.

'വാര്‍ ആന്‍ഡ്‌ ലൗ' എന്ന മലയാള ചിത്രത്തിലായിരുന്നു ആദ്യം പാടിയത്‌. 'ജോണ്‍ അപ്പാറാവു ഫോര്‍ട്ടി പ്ലസ്‌' എന്ന തെലുങ്ക്‌ ചിത്രത്തില്‍ പാടിയിട്ടുണ്ട്‌. ഭക്തിഗാന കാസറ്റുകളിലും പാടിയിരുന്നു. 'ഓര്‍ക്കുക വല്ലപ്പോഴും' എന്ന ചിത്രത്തില്‍ വയലാറിന്റെ 'താമരപ്പൂക്കളും ഞാനുമൊന്നിച്ചായി' എന്ന കവിത പാടി ശ്രദ്ധ നേടിയിട്ടുണ്ട്‌.

ആറാം ക്ലാസ്‌ മുതല്‍ സംഗീതം പഠിച്ചിരുന്ന സൈനോജ്‌ കര്‍ണാടക സംഗീതത്തില്‍ ദേശീയ സ്‌കോളര്‍ഷിപ്പ്‌ നേടിയിട്ടുണ്ട്‌. മാവേലിക്കര പി. സുബ്രഹ്മണ്യത്തിന്റെ കീഴിലായിരുന്നു പരിശീലനം.

പിറവം നെച്ചൂര്‍ രതീശനായിരുന്നു ആദ്യ ഗുരു. തുടര്‍ന്ന്‌, പാലക്കാട്‌ ചിറ്റൂര്‍ കോളേജിലായിരുന്നു വിദ്യാഭ്യാസം. കോളേജില്‍ പഠിക്കുമ്പോള്‍ മൂന്നുതവണ കാലിക്കറ്റ്‌ സര്‍വകലാശാല യുവജനോത്സവത്തില്‍ കലാപ്രതിഭയായി.

പിറവം താണിക്കുഴിയില്‍ തങ്കപ്പന്റെയും തലയോലപ്പറമ്പ്‌ ചെമ്പ്‌ സ്വദേശിനി രാഗിണിയുടെയും മകനാണ്‌. സഹോദരങ്ങള്‍: ഷൈജു, സൂര്യ.

സംവിധായകന്‍ വിനയന്‍, സംഗീതസംവിധായകന്‍ എം. ജയചന്ദ്രന്‍, ഗായകരായ മധു ബാലകൃഷ്‌ണന്‍, ദേവാനന്ദ്‌, ജാസി ഗിഫ്‌റ്റ്‌, പ്രദീപ്‌ പള്ളുരുത്തി, നിഷാദ്‌, എം.ജെ. ജേക്കബ്‌ എംഎല്‍എ തുടങ്ങിയവര്‍ സൈനോജിന്റെ മരണവാര്‍ത്തയറിഞ്ഞ്‌ കക്കാട്ടിലെ വസതിയിലെത്തിയിരുന്നു.


കോളെജിലെ പ്രിയപ്പെട്ട കൂട്ടുകാര്‍ സൈനോജിനെ അവസാനമായി ഒരു നോക്കുകാണാന്‍ എറണാകുളത്തെ ആശുപത്രിയിലും പിറവത്തെ വീട്ടിലും എത്തി. എസ് ടി ശശിധരന്‍, എ ഷൈജു, ലോലാ കേശവന്‍, ബിനോയ് ജി, നിതിന്‍ കണിച്ചേരി, ബിനീഷ് ജി, ഹരീഷ്, ബെന്നി പി പി, ഷിജി മാത്തൂര്‍, തനേഷ് തമ്പി, മനോജ് ഹില്ലാരിയോസ്, വിജീഷ്, അനീഷ് എം ആര്‍, ബൈജി ജോര്‍ജ്, പ്രശാന്ത്, ശ്രീഹരി, പ്രേംകൃഷ്ണന്‍ തുടങ്ങി ചിറ്റൂര്‍ കോളജിലെ നിരവധി പൂര്‍വവിദ്യാര്‍ത്ഥികളും അധ്യാപകരും സൈനോജിനെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിച്ചേര്‍ന്നു.

Read more...

November 21, 2009

പ്രാര്‍ത്ഥിക്കുക-സൈനോജ്‌ ഗുരുതരാവസ്ഥയില്‍


നമ്മുടെ കാലത്തെ ആര്‍ക്കും ഓര്‍ക്കാതിരിക്കാനാവാത്ത പേരാണ്‌ ടി.ടി സൈനോജിന്റേത്‌. കലോത്സവങ്ങളില്‍ കലാപ്രതിഭയായും ഗാനമേളകളിലൂടെയും സൈനോജ്‌ കോളജില്‍ നിറഞ്ഞുനിന്നു. ഒടുവില്‍ ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിലെ എനിക്കു പാടാനൊരു പാട്ടിനുണ്ടൊരു പെണ്ണ്‌... എന്ന ഹിറ്റ്‌ ഗാനത്തിലൂടെ ഉയരങ്ങള്‍ കീഴടക്കാന്‍ ആരംഭിച്ചപ്പോള്‍ നമ്മളോളം സന്തോഷിച്ചവരും അഭിമാനിച്ചവരും കുറവായിരിക്കും.

പ്രിയപ്പെട്ട കൂട്ടുകാരെ ഇന്നത്തെ കേരളാ കൗമുദി ഫ്‌ളാഷില്‍ വന്ന വാര്‍ത്ത ചുവടെ ചേര്‍ക്കുന്നു.

ഗായകന്‍ സൈനോജ്‌ ഗുരുതരാവസ്ഥയില്‍

കൊച്ചി: യുവ പിന്നണി ഗായകന്‍ ടി.ടി.സൈനോജിനെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന്‌ ഗുരുതരാവസ്ഥയില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിറവം കക്കാട്‌ താന്നിക്കാട്ടുവീട്ടില്‍ സൈനോജ്‌ കുറച്ചു ദിവസമായി പനി മൂലം പിറവത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില വഷളായപ്പോഴാണ്‌ മെഡിക്കല്‍ ട്രസ്‌റ്റിലേക്ക്‌ മാറ്റിയത്‌.


സൈനോജ്‌ എത്രയും വേഗം സുഖം പ്രാപിക്കാന്‍ നമുക്ക്‌ പ്രാര്‍ത്ഥിക്കാം. ഒപ്പം പഠിച്ചവരും കൂട്ടുകാരും കൊച്ചിയിലേക്ക്‌ യാത്ര തിരിച്ചിട്ടുണ്ട്‌.

Read more...

November 11, 2009

തേനീച്ച ആക്രമണം

തേനീച്ചകളുടെ കുത്തേറ്റ്‌ ചിറ്റൂര്‍ ഗവണ്മെന്റ്‌ കോളേജിലെ രണ്ട്‌ അധ്യാപികമാര്‍ക്കും എട്ട്‌ വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു.

ഹിസ്റ്ററിവിഭാഗം അധ്യാപികയായ സുലേഖ, പോളിറ്റിക്‌സ്‌വിഭാഗം അധ്യാപികയായ തങ്കമണി, വിദ്യാര്‍ഥികളായ ആനന്ദ്‌സച്ചിന്‍ (18), അഖില്‍ദാസ്‌ (19), മഹേഷ്‌ (21), സുരേഷ്‌ (19), സുധീഷ്‌കുമാര്‍ (20), എം. സുരേഷ്‌ (20), പുഷ്‌പലത (19), അനുഷ (19) എന്നിവര്‍ക്കാണ്‌ തേനീച്ചയുടെ കുത്തേറ്റ്‌ സാരമായി പരിക്കേറ്റത്‌. ഇവരെ ചിറ്റൂര്‍ താലൂക്കാസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ്‌ 50തോളം വിദ്യാര്‍ഥികള്‍ക്കും തേനീച്ചയുടെ കുത്തേറ്റിട്ടുണ്ട്‌.

ഗാന്ധിജയന്തിവാരാചരണത്തിന്റെ ഭാഗമായി കാമ്പസ്‌ ശുചീകരണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപികമാര്‍ക്കുമാണ്‌ തേനീച്ചകളുടെ ആക്രമണത്തില്‍ പരിക്കേറ്റത്‌. തിങ്കളാഴ്‌ച രാവിലെ 11 ഓടെയാണ്‌ സംഭവം. ചിറ്റൂര്‍ ഗവ. കോളേജ്‌ കെട്ടിടത്തിന്റെ മുന്‍വശത്തും ഗ്രൗണ്ടിനോടുചേര്‍ന്ന ഭാഗത്തും പിന്‍വശത്തുമായി ആറ്‌ തേനീച്ചക്കൂടുകളാണു ള്ളത്‌. ഇതില്‍ ഗ്രൗണ്ടിന്റെ ഭാഗത്തുള്ള തേനീച്ചക്കൂടിലേക്ക്‌ വിദ്യാര്‍ഥികളിലാരെങ്കിലും കല്ലെറിഞ്ഞതാവാം തേനീച്ചകളിളകാന്‍ കാരണമെന്ന്‌ പരിക്കേറ്റ വിദ്യാര്‍ഥികള്‍ പറഞ്ഞു. കോളേജ്‌ കെട്ടിടത്തിന്റെ മുന്‍വശത്തെ കാര്‍പോര്‍ച്ചിലും സമീപത്തുംനിന്ന വിദ്യാര്‍ഥികള്‍ക്കാണ്‌ കുത്തേറ്റത്‌.

കോളേജ്‌കെട്ടിടത്തില്‍നിന്ന്‌ തേനീച്ചക്കൂടുകള്‍ നീക്കംചെയ്യാന്‍ അഗ്നിരക്ഷാസേനയുടെ സഹായം തേടുമെന്ന്‌ ചിറ്റൂര്‍ ഗവണ്മെന്റ്‌ കോളേജ്‌ പ്രിന്‍സിപ്പല്‍ വി. പങ്കുണ്ണി പറഞ്ഞു.

Read more...

Followers

Recent Comments

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP