ബാഷ്പാഞ്ജലികള്‍
നമ്മുടെ പ്രാര്‍ത്ഥനകളെയാകെ നിഷ്ഫലമാക്കി സൈനോജ് യാത്രയായി. വളര്‍ന്നു വരുന്ന ഒരു ഗായകന്റെ വിയോഗമെന്ന് മാധ്യങ്ങള്‍ പറയുന്നു. എന്നാല്‍ ഹൃദയം കൊണ്ടു സംവേദിച്ച ഒരു സുഹൃത്തിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.
മാതൃഭൂമി വാര്‍ത്ത വായിക്കുക
ചലച്ചിത്ര പിന്നണിഗായകന്‍ ടി.ടി. സൈനോജ് (32) അന്തരിച്ചു. ഞായറാഴ്‌ച 2.20ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്‌പത്രിയിലായിരുന്നു അന്ത്യം. രക്താര്‍ബുദത്തെ തുടര്‍ന്നുണ്ടായ മസ്‌തിഷ്‌കാഘാതം മൂലമായിരുന്നു മരണം. പിറവത്തെ സ്വകാര്യ ആസ്‌പത്രിയില്‍ നിന്ന് വെള്ളിയാഴ്‌ചയാണ് സൈനോജിനെ മെഡിക്കല്‍ ട്രസ്റ്റില്‍ പ്രവേശിപ്പിച്ചത്.
'ഇവര്‍ വിവാഹിതരായാല്‍' എന്ന ചിത്രത്തിലെ 'എനിക്ക് പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്' എന്ന ഗാനമാണ് സൈനോജിന് പ്രശസ്‌തി നേടിക്കൊടുത്തത്. കൈരളി ചാനലിലെ 'ഗന്ധര്‍വസംഗീത'ത്തില്‍ 2002ല്‍ ജേതാവായപ്പോഴാണ് സൈനോജ് മലയാളികള്‍ക്കിടയില്‍ പരിചിതനായത്. അടുത്തിടെ പുറത്തിറങ്ങിയ 'കെമിസ്‌ട്രി' എന്ന ചിത്രത്തിലെ ഗാനവും സൈനോജ് പാടിയിരുന്നു. ജീവന്‍ ടിവിയില്‍ 'നാലുമണിപ്പൂക്കള്‍' എന്ന ടിവി ഷോയുടെ അവതാരകനായിരുന്നു.
'വാര്‍ ആന്‍ഡ് ലൗ' എന്ന മലയാള ചിത്രത്തിലായിരുന്നു ആദ്യം പാടിയത്. 'ജോണ്‍ അപ്പാറാവു ഫോര്‍ട്ടി പ്ലസ്' എന്ന തെലുങ്ക് ചിത്രത്തില്‍ പാടിയിട്ടുണ്ട്. ഭക്തിഗാന കാസറ്റുകളിലും പാടിയിരുന്നു. 'ഓര്‍ക്കുക വല്ലപ്പോഴും' എന്ന ചിത്രത്തില്‍ വയലാറിന്റെ 'താമരപ്പൂക്കളും ഞാനുമൊന്നിച്ചായി' എന്ന കവിത പാടി ശ്രദ്ധ നേടിയിട്ടുണ്ട്.
ആറാം ക്ലാസ് മുതല്‍ സംഗീതം പഠിച്ചിരുന്ന സൈനോജ് കര്‍ണാടക സംഗീതത്തില്‍ ദേശീയ സ്‌കോളര്‍ഷിപ്പ് നേടിയിട്ടുണ്ട്. മാവേലിക്കര പി. സുബ്രഹ്മണ്യത്തിന്റെ കീഴിലായിരുന്നു പരിശീലനം.
പിറവം നെച്ചൂര്‍ രതീശനായിരുന്നു ആദ്യ ഗുരു. തുടര്‍ന്ന്, പാലക്കാട് ചിറ്റൂര്‍ കോളേജിലായിരുന്നു വിദ്യാഭ്യാസം. കോളേജില്‍ പഠിക്കുമ്പോള്‍ മൂന്നുതവണ കാലിക്കറ്റ് സര്‍വകലാശാല യുവജനോത്സവത്തില്‍ കലാപ്രതിഭയായി.
പിറവം താണിക്കുഴിയില്‍ തങ്കപ്പന്റെയും തലയോലപ്പറമ്പ് ചെമ്പ് സ്വദേശിനി രാഗിണിയുടെയും മകനാണ്. സഹോദരങ്ങള്‍: ഷൈജു, സൂര്യ.
സംവിധായകന്‍ വിനയന്‍, സംഗീതസംവിധായകന്‍ എം. ജയചന്ദ്രന്‍, ഗായകരായ മധു ബാലകൃഷ്‌ണന്‍, ദേവാനന്ദ്, ജാസി ഗിഫ്‌റ്റ്, പ്രദീപ് പള്ളുരുത്തി, നിഷാദ്, എം.ജെ. ജേക്കബ് എംഎല്‍എ തുടങ്ങിയവര്‍ സൈനോജിന്റെ മരണവാര്‍ത്തയറിഞ്ഞ് കക്കാട്ടിലെ വസതിയിലെത്തിയിരുന്നു.
കോളെജിലെ പ്രിയപ്പെട്ട കൂട്ടുകാര്‍ സൈനോജിനെ അവസാനമായി ഒരു നോക്കുകാണാന്‍ എറണാകുളത്തെ ആശുപത്രിയിലും പിറവത്തെ വീട്ടിലും എത്തി. എസ് ടി ശശിധരന്‍, എ ഷൈജു, ലോലാ കേശവന്‍, ബിനോയ് ജി, നിതിന്‍ കണിച്ചേരി, ബിനീഷ് ജി, ഹരീഷ്, ബെന്നി പി പി, ഷിജി മാത്തൂര്‍, തനേഷ് തമ്പി, മനോജ് ഹില്ലാരിയോസ്, വിജീഷ്, അനീഷ് എം ആര്‍, ബൈജി ജോര്‍ജ്, പ്രശാന്ത്, ശ്രീഹരി, പ്രേംകൃഷ്ണന്‍ തുടങ്ങി ചിറ്റൂര്‍ കോളജിലെ നിരവധി പൂര്‍വവിദ്യാര്‍ത്ഥികളും അധ്യാപകരും സൈനോജിനെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിച്ചേര്‍ന്നു.