May 4, 2009

തല്ലുകിട്ടാതെ രക്ഷപ്പെട്ട പൈങ്കിളിക്കഥ

ഷിജി മാത്തൂര്‍

14 വര്‍ഷത്തെ സ്‌കൂള്‍ ജീവിതത്തിന്‌ ശേഷം ആദ്യമായി ഒരു കോളേജ്‌ ക്യാമ്പസില്‍ പ്രവേശിക്കുമ്പോള്‍ സാധാരണ എല്ലാവരും നടത്താറുള്ള ഒരു തയാറെടുപ്പും ഞാന്‍ നടത്തിയിരുന്നില്ല. സ്‌കൂള്‍ കാലഘട്ടങ്ങളില്‍ സജീവമായ സംഘടനാ പ്രവര്‍ത്തനം നടത്തിയിരുന്നതുകൊണ്ട്‌ കോളേജില്‍ വരുമ്പോള്‍തന്നെ തികഞ്ഞ ഒരു എസ്‌ എഫ്‌ ഐ നേതാവിന്റെ ശൈലിയില്‍ ആണ്‌ ഞാന്‍ കോളേജില്‍ പ്രവേശിച്ചത്‌. ഒറ്റ ഖദര്‍മുണ്ടും നീട്ടിവളര്‍ത്തിയ താടിയും വള്ളിച്ചെരിപ്പുമിട്ടു ഞാന്‍ ക്യാമ്പസില്‍ കാല്‍കുത്തിയ എന്നെ സ്വാഭാവികമായും കോളേജിലെ സീനിയര്‍ രാഷ്ട്രീയ പ്രമാണിമാര്‍ ശ്രദ്ധിച്ചു.

പല എസ്‌ എഫ്‌ ഐ നേതാക്കന്‍മാരും എന്നെ ബഹുമാനത്തോടെയാണ്‌ സ്വീകരിച്ചത്‌. പക്ഷെ അവരില്‍ ഒരു നല്ല സുഹൃത്തിനെ ഉണ്ടാക്കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല എന്നതാണ്‌ സത്യം. എസ്‌ എഫ്‌ ഐക്കാരില്‍ ഞാനുമായി അടുത്ത്‌ ഇടപഴകിയത്‌ തനേഷ്‌ തമ്പി മാത്രമായിരുന്നു. പിന്നെ എനിക്ക്‌ ഉണ്ടായിട്ടുള്ള സുഹൃത്തുക്കളെല്ലാം എന്റെ ക്ലാസില്‍ നിന്നായിരുന്നു. അതില്‍ പ്രധാനി രമേഷ്‌ ആയിരുന്നു. (രമേഷ്‌ ഇപ്പോള്‍ ആര്‍മിയില്‍ ആണ്‌)

സത്യത്തില്‍ രാഷ്ട്രീയം തലക്ക്‌ പിടിച്ചത്‌ മാത്രമായിരുന്നില്ല എന്റെ വേഷവിധാനത്തിന്റെ കാരണം. പ്ലസ്‌ടു വരെ യൂണിഫോം ധരിച്ചു നടന്ന ആര്‍ക്കും നല്ല കളര്‍ഫുള്‍ വസ്‌ത്രങ്ങള്‍ ധരിക്കാന്‍ കൊതി തോന്നും. പക്ഷെ വീട്ടില്‍ അപ്പോള്‍ നിലനിന്നിരുന്ന സാമ്പത്തിക ബുദ്ധിമുട്ട്‌ മറച്ചുവെക്കാന്‍ ഒരു ബുദ്ധിജീവി ജാഡ കാണിക്കേണ്ടത്‌ എനിക്കന്നു അത്യാവശ്യം ആയിരുന്നു.

പക്ഷെ എന്റെ രൂപവും വേഷവും സഹപാഠികളില്‍ എന്നെക്കുറിച്ച്‌ ഉണ്ടാക്കിയിട്ടുള്ള ഇമേജ്‌ ഞാന്‍ വിചാരിച്ചതിലും കൂടുതല്‍ ആണെന്ന്‌ ഞാന്‍ തിരിച്ചറിഞ്ഞില്ല.

പക്ഷെ എന്റെ ഈ ‘കത്തിക്കല്‍’ അധിക കാലം നീണ്ടുനിന്നില്ല. കോളേജ്‌ യൂണിയന്‍ ഓഫീസിലും കോളേജ്‌ സംഘടനക്കകത്തും ഞാന്‍ അര്‍ഹിക്കുന്ന തരത്തില്‍ ഒരു അംഗീകാരം എനിക്കു കിട്ടുന്നില്ല എന്ന ഒരു ഈഗോ എന്റെ തലക്ക്‌ പിടിച്ചതും, മറുവശത്ത്‌ അടുത്തുടപഴകാന്‍ കൊതിയോടെ കാത്തുനില്‍ക്കുന്ന പെണ്‍കുട്ടികളും (അവര്‍ ഞാനുമായി അടുത്തിടപഴകാന്‍ കൊതിച്ചിരുന്നവെന്നത്‌ തികച്ചും എന്റെ സങ്കല്‍പം മാത്രമായി നിങ്ങള്‍ കരുതിയേക്കാം. അതു നിങ്ങളുടെ വിശ്വാസം, ഇത്‌ എന്റെ വിശ്വാസം) എന്റെ മനസിലും മാറ്റങ്ങള്‍ സംഭവിച്ചത്‌ സ്വാഭാവികം. മാറ്റം പ്രകൃതി നിയമം ആണല്ലോ.

പ്ലസ്‌ടു വരെ മുരടനെ പോലെ അഭിനയിച്ച ഞാന്‍ പെട്ടന്നായിരുന്നു ഒരു പൈങ്കിളിയായി മാറിയത്‌. എന്റെ ക്ലാസിലെ സുഹൃത്തുക്കളും പിന്നെ കുറേ പെണ്‍കുട്ടികളുമായുള്ള അടുത്ത സൗഹൃദം എന്നെ പൂര്‍ണമായും മറ്റൊരാളാക്കി മാറ്റി. ഒരു സുപ്രഭാതത്തില്‍ എ‌ല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ഞാന്‍ കോളേജില്‍ വന്നത്‌.

എന്റെ ‘ജാഡ താടി’ ഞാനുപേക്ഷിച്ചു. മാത്രമല്ല, വീട്ടില്‍ മുഴുവന്‍ പരതി പണ്ടെപ്പോഴോ വാങ്ങിവെച്ചിരുന്ന ഒരു ബാഗി ജീന്‍സും ഒരു വെളുത്ത ക്യാമ്പസ്‌ ഷൂസും അണിഞ്ഞു ”സുന്ദരനായി” ഞാന്‍ വന്നു. എന്റെ വേഷത്തോടൊപ്പം ഞാനും മാറി. ഇമ്മിണി ബല്യ ഒരു ”ഒലിപ്പീര്‌” ആയി മാറി.

പക്ഷെ കോളേജിലെ എസ്‌ എഫ്‌ ഐ നേതാക്കന്‍മാര്‍ക്ക്‌ ഇതത്ര രസിച്ചില്ല. അക്കൂട്ടത്തില്‍ എന്നോട്‌ ഏറ്റവും വെറുപ്പ്‌ തോന്നിയിരുന്നത്‌ എസ്‌ എഫ്‌ ഐയുടെ ”രാഷ്ട്രീയ ഗുണ്ട” മനോജ്‌ ഹില്ലാരിയോസിനായിരുന്നു. (തുടക്കത്തില്‍ എന്റെ വേഷം കണ്ട്‌ എന്നെ ഏറ്റവുമധികം ബഹുമാനിച്ചിരുന്നതും അദ്ദേഹമായിരുന്നു)

പക്ഷെ, മറ്റുള്ളവര്‍ എന്നെക്കുറിച്ച്‌ വിചാരിക്കുന്നത്‌ എന്തായിരിക്കും എന്നതിനെക്കുറിച്ച്‌ ഓര്‍ത്ത്‌ വേവലാതിപ്പെടാന്‍ എനിക്ക്‌ സമയമില്ലായിരുന്നു…
അറിയാലോ.. ‘എന്റെ സ്വന്തം സുന്ദരിക്കുട്ടികള്‍’.. അവരെ വേദനിപ്പിക്കാന്‍ മാത്രം എനിക്കു വയ്യ. ക്ലാസിലെയും സീനിയര്‍ ബാച്ചിലേയും മറ്റുഡിപ്പാര്‍ട്ട്‌മെന്റുകളിലേയും എല്ലാ പെണ്‍കുട്ടികളെയും ഒറ്റയടിക്ക്‌ പരിചയപ്പെടാനും പറ്റുമെങ്കില്‍ ഒപ്പമിരുന്ന്‌ കത്തിവെക്കാനും എന്റെ മനസ്‌ വെമ്പുകയായിരുന്നു.

തീര്‍ച്ചയായും ആ ദിനങ്ങളില്‍ എന്റെ ഹൃദയം തുടിച്ചത്‌ അവര്‍ക്കു വേണ്ടി മാത്രമായിരുന്നു. അവരില്‍ പലരും അത്‌ തിരിച്ചറിഞ്ഞില്ല എന്നത്‌ ശരിതന്നെ.
എങ്കിലും എനിക്കും പെണ്‍കുട്ടികളുടെ ഒരു സുഹൃദ്‌വലയം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു. പിന്നീട്‌ തെല്ല്‌ അഹങ്കാരത്തോടുകൂടി ഞാന്‍ കോളേജ്‌ വരാന്തകളിലൂടെ നടക്കാന്‍ തുടങ്ങി. ഒപ്പം ഒരു പെണ്‍കുട്ടിയെങ്കിലും ഉണ്ടെങ്കിലേ ഞാന്‍ വരാന്തകളില്‍ പ്രത്യക്ഷപ്പെടൂ എന്ന്‌ അസൂയാലുക്കള്‍ പറഞ്ഞു തുടങ്ങി.

അതില്‍ എനിക്കൊട്ടും ചമ്മലോ ചളിപ്പോ തോന്നിയില്ല.. മറിച്ച്‌ അഭിമാനം തോന്നി. പക്ഷെ എനിക്കെതിരെ ഗുണ്ടാ സഖാവിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ട്‌ എന്ന സത്യം ഞാന്‍ അറിഞ്ഞില്ല. എനിക്കും എന്റെ ഗോപികമാര്‍ക്കും ഒരപകടവുമില്ല എന്ന്‌ ഞാന്‍ ഉറച്ചുവിശ്വസിച്ചിരുന്നു. പക്ഷെ ആ സന്തോഷത്തിന്റെ നാളുകള്‍ അധികകാലം നീണ്ടു നിന്നില്ല.
ഒരു ദിവസം…

അന്നു കോളേജ്‌ ഡേ നടക്കുകയായിരുന്നു. രാവിലത്തെ ഉദ്‌ഘാടന സെഷന്‍ കഴിഞ്ഞ്‌ ഉച്ചഭക്ഷണവും കഴിഞ്ഞ്‌ ഗാനമേളകാണാന്‍ എന്റെ ഗോപികമാരില്‍ ചിലരോടൊപ്പം ഞാന്‍ ഓഡിറ്റോറിയത്തില്‍ എത്തി. പക്ഷെ വാതില്‍ കടന്ന്‌ അകത്ത്‌ പ്രവേശിക്കുമ്പോഴേക്കും ഒരു പുരുഷന്റെ കൈ എന്റെ തോളില്‍ തട്ടി.

”എന്താ?” ഞാന്‍ ചോദിച്ചു.
”ഒരു മിനിറ്റ്‌, നീയൊന്നു പുറത്തേക്കു വരുമോ” യൂണിയന്‍ ജനറല്‍ സെക്രട്ടറി വിജയപ്രകാശിന്റെ വിനയത്തോടെയുള്ള ചോദ്യം. സത്യത്തില്‍ എനിക്ക്‌ അഭിമാനം തോന്നി. ഇവിടത്തെ എസ്‌ എഫ്‌ ഐ നേതാക്കന്‍മാര്‍ക്കൊക്കെ എന്നെ ഇത്രക്കു ബഹുമാനമോ… ഞാന്‍ മനസില്‍ ചിന്തിച്ചു. മറുത്തൊന്നും പറയാതെ ഞാന്‍ കൂടെ ഇറങ്ങി നടന്നു. കുറച്ചുദൂരം പിന്നിടുമ്പോഴേക്കും കോളേജ്‌ ഭയക്കുന്ന ആ വിശ്വരൂപവും ഞങ്ങളോടൊപ്പം ചേര്‍ന്നു….

അതേ ആ ഗുണ്ടാ സഖാവ്‌ മനോജ്‌ തന്നെ.
ആളൊഴിഞ്ഞ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റ്‌ പരിസരത്തേക്കാണ്‌ ഞാന്‍ നയിക്കപ്പെട്ടത്‌.
ഞാന്‍ നടുവിലും എന്റെ അപ്പുറവും ഇപ്പുറവുമായി ഈ രണ്ട്‌ ഗുണ്ടകളും
സത്യത്തില്‍ എന്റെ ഉള്ളൊന്നു കിടുങ്ങി…
ഇന്നെന്തെങ്കിലും നടക്കും..
എവിടെ എന്റെ ഗോപികമാര്‍???
ഈ തടിമാടന്‍മാരില്‍ നിന്ന്‌ എന്നെ രക്ഷിക്കാന്‍ ആരുമില്ലേ???
എനിക്ക്‌ കരച്ചില്‍ വന്നുതുടങ്ങിയതാണ്‌.. പക്ഷെ ഭയം കൊണ്ടാണോ എന്തോ അതും പുറത്തേക്കു വന്നില്ല.
എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ സഖാവ്‌ മനോജ്‌ എന്നോട്‌ വളരെ സൗമ്യമായി സംസാരിച്ചുതുടങ്ങി.
കുറേ വഴക്കു പറഞ്ഞു. കുറേ ഉപദേശിച്ചു.
ഞങ്ങളെ തമ്മില്‍ പരസ്‌പരം ബന്ധിപ്പിക്കുന്ന എസ്‌ എഫ്‌ ഐ എന്ന പ്രസ്ഥാനത്തോട്‌ എനിക്കുണ്ടായിരുന്ന കൂറ്‌ ഒന്നുകൂടെ ഉയര്‍ന്നു. അങ്ങിനെയൊരു ബന്ധിക്കല്‍ ഇല്ലായിരുന്നുവെങ്കില്‍..
ഹോ! ഉറപ്പാണ്‌, അടി വീണതു തന്നെ.
ഇതൊക്കെ മനസില്‍ വന്നപ്പോള്‍ എനിക്കല്‍പം ധൈര്യം വെച്ചുതുടങ്ങി.
ഞാനും കയര്‍ത്തു സംസാരിച്ചു.
ഇവനോട്‌ പറഞ്ഞിട്ട്‌ കാര്യമില്ലെന്ന്‌ പറഞ്ഞ്‌ രണ്ടുപേരും എന്നെ അവിടെ ഉപേക്ഷിച്ചു പോയി. എന്റെ മേല്‍ കൈവെക്കാത്തതില്‍ രണ്ടു പേര്‍ക്കും കുറ്റബോധം ഉള്ളതുപോലെ തോന്നി…
അതുകൊണ്ടു മാത്രം പിന്നീട്‌ ഞാന്‍ ഒന്നും സംസാരിച്ചില്ല.

ശേഷം ഇവരോടൊരു നിശബ്ദയുദ്ധം ഞാന്‍ പ്രഖ്യാപിച്ചു…
എന്റെ മനസില്‍ ഇവരോട്‌ കടുത്ത വെറുപ്പും ദേഷ്യവും തോന്നി. പറ്റാവുന്ന കമ്മിറ്റികളിലെല്ലാം ഞാന്‍ ഇവരെ വിമര്‍ശിച്ചു…പക്ഷെ, ഒരു ഗുണവും ഉണ്ടായില്ല. ഒടുവില്‍ ഞാനൊന്ന്‌ തീരുമാനിക്കുക തന്നെ ചെയ്‌തു.
ഇനി മുതല്‍ നല്ലനടപ്പ്‌ തുടങ്ങുക എന്ന്‌..
അതിവരെ ‘പേടിച്ചിട്ടൊന്നുമല്ലാട്ടോ’. ഇവരെ ജയിക്കാന്‍ വേണ്ടിയാണ്‌. സത്യം, വിശ്വസിക്കൂ പ്ലീസ്‌.
അങ്ങനെ എന്റെ സുന്ദരികളുടെ ഹൃദയം തകര്‍ത്തുകൊണ്ട്‌ അവരില്‍ നിന്നെല്ലാം ഞാന്‍ അകന്നു. വീണ്ടും യൂണിയന്‍ ഓഫീസില്‍ സജീവമായി. പിന്നീട്‌ മേല്‍പറഞ്ഞ ഗുണ്ടകള്‍ മനോജും വിജയപ്രകാശുമായി ഞാന്‍ സൗഹൃദത്തില്‍ ആവുകയും ചെയ്‌തു.

ഡിഗ്രി പൂര്‍ത്തിയാക്കിയതിനു ശേഷം ഞാനും മനോജും കൂടിയാണ്‌ എം ബി എയ്‌ക്ക്‌ ചേര്‍ന്നത്‌. പിന്നീട്‌ ഒരുമിച്ച്‌ ഒരു ബിസിനസ്‌ തുടങ്ങി. ഞങ്ങളെക്കൂടാതെ ചിറ്റൂര്‍ കോളേജിലെ പൂര്‍വവിദ്യാര്‍ഥികളായ നിതിന്‍, ഷമീം എന്നിവരും പാര്‍ട്‌ണേഴ്‌സ്‌ ആണ്‌. തീര്‍ച്ചയായും അന്നത്തെ ദേഷ്യവും വൈരാഗ്യവുമെല്ലാം ഞങ്ങളുടെ സൗഹൃദം ശക്തിപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്‌.

0 Comments:

Post a Comment

Blog Archive

Followers

Recent Comments

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP