May 9, 2009

ഒരുമ: ഓര്‍മ്മകളിലേക്ക്‌ ഒരു തിരിച്ചുപോക്ക്‌

പലകാലങ്ങളില്‍ ചിറ്റൂര്‍ കോളേജില്‍ പഠിച്ച ഒരുപാടുപേര്‍.. അവര്‍ വീണ്ടും അവിടെയെത്തുന്നതും ഓരോ വര്‍ഷവും ഒരു പ്രത്യേക ദിവസത്തില്‍ ഒത്തുചേരുന്നതും ഓര്‍മ്മകളും സൗഹൃദവും പുതുക്കുന്നതും എന്നും അസ്വസ്ഥമധുരമായ ഒരു സ്വപ്‌നമായിരുന്നു. അങ്ങനെയുള്ള സ്വപ്‌നങ്ങളുടെ നിറവായാണ്‌ ഒരുമ പിറക്കുന്നത്‌. 2007 ഏപ്രിലില്‍ ഒരുമയുടെ ആദ്യ സംഗമം ചിറ്റൂര്‍ കോളേജില്‍ നടന്നു. 60 ഓളം പേരാണ്‌ പങ്കെടുത്തത്‌. തിരിച്ചിറങ്ങുമ്പോള്‍ അടുത്തവര്‍ഷം വീണ്ടും കാണണമെന്ന്‌ എല്ലാവരും പറഞ്ഞുവെച്ചിരുന്നു.


അങ്ങനെ 2008 ഏപ്രില്‍ 13ന്‌ വീണ്ടും ഒന്നിക്കാമെന്ന്‌ തീരുമാനമെടുത്തു. തലേദിവസം വൈകിട്ട്‌ പോലും നാളെ ഒരുമ സംഗമം നടക്കുമെന്ന്‌ പറയാന്‍ കഴിയാത്ത അവസ്ഥ. ആരു പരിപാടി നടത്തും. എല്ലാവരും ജോലിത്തിരിക്കില്‍, അല്ലെങ്കില്‍ കുടുംബപ്രശ്‌നങ്ങള്‍. പങ്കെടുക്കുമെന്നറിയിച്ച്‌ നിരവധി പേര്‍ വിളിക്കുന്നുണ്ട്‌. തലേന്ന്‌ സിജിന്‍റെ ഒപ്പം ചിറ്റൂരിലേക്ക്‌ യാത്ര തിരിച്ചു. വഴിക്ക്‌ അരുണ്‍ കുമാര്‍ എം എയുടെ വീട്ടില്‍ നാളെ എന്തു നടത്തണമെന്ന ചെറിയ വര്‍ത്തമാനം.


വിജനമായ കോളേജില്‍ ഞങ്ങള്‍ രണ്ടു പേര്‍. മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ സി ശിവനും വന്നെത്തി. മൂന്നുപേര്‍ കൂടുതല്‍ പേരെ കാത്തിരുന്നു. കാത്തിരുന്നുകാത്തിരുന്നു നേരമിരുട്ടി. ഇനിയെന്ത്‌? നാളെ എന്തുനടത്തും. ആശങ്കകള്‍ ആവേശത്തിനു വഴിമാറി. കൈയ്യിലുണ്ടായിരുന്ന കീറക്കടലാസില്‍ കണക്കൂകൂട്ടിനോക്കി. അരിച്ചരിച്ച്‌ 70 പേരുടെ കണക്കുണ്ടാക്കി. പാഴാക്കാന്‍ സമയമില്ലാത്തതുകൊണ്ട്‌ ഉടന്‍ തന്നെ അണീക്കോട്‌ ഗ്രേസ്‌ ഹോട്ടലില്‍ എഴുപത്‌ ചിക്കന്‍ബിരിയാണിക്ക്‌ ഓര്‍ഡര്‍ കൊടുത്തു. സിജിന്‍ കൈയ്യിലുണ്ടായിരുന്ന 500 രൂപ അഡ്വാന്‍സ്‌ കൊടുത്തു.


തലേന്ന്‌ ആരും വരാതിരുന്ന നിരാശയില്‍ പാലക്കാട്ടേക്കു പോയിക്കൊണ്ടിരിക്കുമ്പോള്‍ താജുവിന്‍റെ ഫോണ്‍. `ഞങ്ങള്‍ ചിറ്റൂരെത്തി’. വലിയ ആശ്വാസം തോന്നി. അല്‍പം കഴിഞ്ഞപ്പോള്‍ പ്രദീപും വിളിച്ചു. കോഴിക്കോടു നിന്ന്‌ മാതൃഭൂമിയുടെ പരീക്ഷയും കഴിഞ്ഞ്‌ തിരിച്ചെത്തിയിരിക്കുന്നു.


ഏപ്രില്‍ 13, ഞായറാഴ്‌ച രാവിലെ ഒമ്പത്‌ മണിക്ക്‌ ഭാര്യയോടൊപ്പം ചിറ്റൂര്‍ കോളേജിലേക്കെത്തി. വിജനമായ വഴിയിലൂടെ നടന്നു വരുമ്പോള്‍ കോളേജിനകത്തു നിന്നും ശിവന്‍റെ ഫോണ്‍. മൂന്നു പേര്‍ ഉണ്ടാവുമെന്ന്‌ ഉറപ്പായല്ലോ. പക്ഷെ അധികം കാത്തിരിക്കേണ്ടി വന്നില്ല. ഓരോരുത്തരായി കാറിലും ബൈക്കുകളിലുമായി എത്തിക്കൊണ്ടിരുന്നു. പയ്യെപ്പയ്യെ 2000ത്തിനു ശേഷമുള്ള തിരക്കുള്ള ഒരു ക്യാമ്പസ്‌ ദിനം ചിറ്റൂര്‍ കോളേജില്‍ പുനസൃഷ്‌ടിക്കപ്പെടുകയായിരുന്നു. ഏതോ പരിപാടിക്ക്‌ സദസ്സിനെ നിറയ്‌ക്കാനുള്ള ആവേശത്തോടെയാണ്‌ എല്ലാവരെയും ഫിസിക്‌സ്‌ ഗ്യാലറിയിലേക്ക്‌ ക്ഷണിച്ചത്‌. പെട്ടന്ന്‌ കാലം കുറേ പിറകോട്ടു പോയതുപോലെ.


വരാന്തയിലൂടെ തിരക്ക്‌ പിടിച്ച്‌ ഓടുന്ന മഹേഷും ഷിജിയും സതീഷും ശിവനും. പുറത്ത്‌ വാകച്ചോട്ടില്‍ ദിലീപും സന്ദീപും അരുണ്‍ പ്രഭയും മറ്റും കൂട്ടം ചേര്‍ന്നു നില്‍ക്കുന്നു. വരാന്തയിലൂടെ സംഘമായി നിഷയും ശ്രീപ്രിയയും മറ്റും നടന്നു നീങ്ങുന്നു. കൊമേഴ്‌സ്‌ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന്‌ സിജിന്‍റെയും ഷെയ്‌ക്കിന്‍റെയും അരുണിന്‍റെയും നേതൃത്വത്തില്‍ ഒരു പട കടന്നുവരുന്നു.


വഴിയില്‍ ഏതോ ഒരു തൂണില്‍ ചാരി ശിശോഭും ഗിരിജയും കത്തിവെച്ചു നില്‍ക്കുന്നു. മല്ലന്‍ചള്ള രമേഷ്‌ പോര്‍ട്ടിക്കോയില്‍. സജീവും കൂട്ടുകാരും ഒരു മരത്തണലില്‍ സൗഹൃദം പങ്കുവെക്കുന്നു. എല്ലാവര്‍ക്കിടയിലേക്കും രജിസ്‌ട്രേഷന്‍ പുസ്‌തകവുമായി ശ്രീധരന്‍ ഓടിനടക്കുന്നു. താജുവും സംഘവും ഇടനാഴികളിലൂടെ ബഹളം കൂട്ടി നടക്കുന്നു.


നിഷാദും റോബര്‍ട്ടും കിഷോറും ബൈക്കുമായി പലകുറി ശശിയേട്ടന്‍റെ കടയില്‍ പോയി തിരിച്ചെത്തുന്നു. ജി ബിനോയിയും അനൂപ്‌ ജെയിനും പ്രേമകൃഷ്‌ണനും കോളേജിന്‍റെ മുന്‍വശത്ത്‌.. എല്ലാവരെയും നോക്കി കൈവീശി കടന്നുപോകുന്ന നിതിന്‍ കണിച്ചേരി. ഷൈന്‍ ശങ്കര്‍ദാസും, എ കെ പ്രമോദുമെല്ലാം സീനിയര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായി എല്ലാത്തിനും മേല്‍നോട്ടം വഹിച്ചു. എല്ലാവരും സമയം അഞ്ചാറു വര്‍ഷം മുന്നോട്ടു തിരിച്ചുവെച്ചോ എന്നു സംശയിച്ചുപോകുന്ന അവസ്ഥ.


ഫിസിക്‌സ്‌ ഗ്യാലറിയില്‍ നൂറിലേറെപ്പേര്‍. മുന്‍നിശ്ചയിച്ച അജണ്ടയില്ലാതെ പ്രിന്‍സിപ്പല്‍ വേണുഗോപാലന്‍ സാര്‍ ഇത്രയധികം പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഒന്നിച്ചുകണ്ട്‌ അല്‍പം ആവേശഭരിതനായി പോയി. പ്രതിഭ പാട്ടുപാടിയപ്പോള്‍ പഴയ ഏതോ തെരഞ്ഞെടുപ്പ്‌ ക്യാമ്പൈന്‍ എല്ലാവരുടേയും ഓര്‍മ്മയില്‍ വന്നിരിക്കണം. റിച്ചാര്‍ഡ്‌ സ്‌കറിയയുടെ നാനൂറുമീറ്റര്‍ ഓട്ടമാണ്‌ അടുത്ത ഇനമെന്ന പഴയ തമാശ ആരോ ഓര്‍ത്തെടുക്കുന്നു.


ബിരിയാണിയുമായി ശിവനും ബിനോയ്‌ ജിയും അനൂപ്‌ ജെയിനും റോബര്‍ട്ടും എത്തുമ്പോഴേക്കും എല്ലാവരും വിശന്നു തളര്‍ന്നു കഴിഞ്ഞു. സിജിന്‍റെ നേതൃത്വത്തില്‍ വിളമ്പല്‍ മേള. ഉച്ചക്ക്‌ ചിക്കന്‍ ബിരിയാണിയും കഴിഞ്ഞ്‌ എല്ലാവരും യാത്രക്കൊരുങ്ങുന്നു. പിന്നെയും കുറേനേരം കൂട്ടുകാരെ കണ്ടും മിണ്ടിയും പറഞ്ഞും. വാകച്ചോട്ടിലെ തണുപ്പേറ്റും ഇടവഴികളെയും ഇടനാഴികളെയും ഹൃദയം കൊണ്ട്‌ തൊട്ടും അവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്നു. ഇനിയൊരിക്കല്‍ കൂടി ഇങ്ങനെയൊരു സംഗമം നടക്കുമോ എന്ന്‌ ആര്‍ക്കും അറിയില്ല. ജീവിതപ്പാച്ചിലില്‍ ആര്‍ക്കാണ്‌ ഇതിനൊക്കെ മുന്‍കൈയ്യെടുക്കാനാവുക. എങ്കിലും വെറുതെ ആശിക്കുന്നു. അടുത്തവര്‍ഷം വീണ്ടും കാണാം.

0 Comments:

Post a Comment

Blog Archive

Followers

Recent Comments

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP